ന്യൂഡെൽഹി: ഇതര സംസ്‌ഥാനങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത അഖിലേന്ത്യാ ടൂറിസ്‌റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്ന് അതിർത്തിയിൽ നികുതി പിരിക്കാൻ സംസ്‌ഥാനത്തിന് അവകാശമുണ്ടെന്ന് കേരളം. പ്രവേശന നികുതി ചോദ്യം ചെയ്‌ത് ടൂറിസ്‌റ്റ് ബസുടമകൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിലെ മറുപടി സത്യവാങ്മൂലത്തിലാണ് സംസ്‌ഥാനം നിലപാട് വ്യക്‌തമാക്കിയത്.
വാഹനങ്ങൾ രജിസ്‌റ്റർ ചെയ്യുന്ന സംസ്‌ഥാനങ്ങളിൽ നൽകുന്ന പെർമിറ്റ് ഫീസിൽ മറ്റു സംസ്‌ഥാനങ്ങൾക്ക് നൽകേണ്ട നികുതി ഉൾപ്പെടുന്നില്ലെന്ന് കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കൂടാതെ, ചട്ടങ്ങൾ മാത്രമാണ് നിലവിലുള്ളതെന്നും പാർലമെന്റിൽ ഇത് നിയമമാക്കി പാസാക്കിയിട്ടില്ലെന്നും സംസ്‌ഥാനം സത്യവാങ്‌മൂലത്തിൽ വ്യക്‌തമാക്കുന്നു.
റോബിൻ ബസുടമ കെ കിഷോർ ഉൾപ്പടെയുള്ള ബസുടമകളാണ് പ്രവേശന നികുതി ചോദ്യം ചെയ്‌ത് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്‌ഥാന സർക്കാരിനായി സ്‌റ്റാൻഡിങ് കൗൺസിൽ നിഷേ രാജൻ ഷൊങ്കറാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. അതേസമയം, അതിർത്തി നികുതി ചോദ്യം ചെയ്‌ത് സ്വകാര്യ ടൂറിസ്‌റ്റ് ബസുടമകൾ നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രവേശന നികുതി ഈടാക്കുന്നതിന് നിലവിൽ സുപ്രീം കോടതിയുടെ വിലക്കുണ്ട്.
എന്നാൽ, ഈ വിലക്ക് നീക്കണമെന്നും അതിർത്തി നികുതി പിരിക്കാൻ അനുവദിക്കണമെന്നുമാണ് കേരളത്തിന്റെയും തമിഴ്‌നാടിന്റേയും ആവശ്യം. അഖിലേന്ത്യാ ടൂറിസ്‌റ്റ് പെർമിറ്റിന്റെ പശ്‌ചാത്തലത്തിൽ സ്‌റ്റേജ് കാര്യേജ് വാഹനങ്ങളുടെ വ്യവസ്‌ഥയിൽ ഉപയോഗിക്കുന്നതിനെതിരെ കേരളവും തമിഴ്‌നാടും റോബിൻ ഉൾപ്പടെയുള്ള ബസുകൾക്കെതിരെ നിരന്തര നടപടി സ്വീകരിക്കുന്നുണ്ട്.
Most Read| തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ ആരോഗ്യവാൻമാർ; ദൃശ്യങ്ങൾ ലഭിച്ചതായി ദൗത്യം സംഘം