തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി, രണ്ടാം വർഷ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് നാളെ തുടക്കമാകും. എസ്എസ്എൽസി പരീക്ഷകൾ 12ആം തീയതി വരെ ഉച്ചക്ക് ശേഷവും 15ആം തീയതി മുതൽ രാവിലെയുമാണ് നടക്കുക. ഉച്ചക്കുശേഷം 1.40 മുതലും വെള്ളിയാഴ്‌ച ദിവസം 2.40 മുതലുമാണ് പരീക്ഷ നടക്കുക. 15 മുതൽ രാവിലെ 9.40 മുതലാണ് പരീക്ഷ. 29നാണ് പരീക്ഷ അവസാനിക്കുക.
ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ 9.40 മുതലാണ് ആരംഭിക്കുക. ഹയർസെക്കൻഡറി പരീക്ഷകൾ 26ന് തുടങ്ങും. വിഎച്ച്എസ്ഇ പരീക്ഷകൾ 9ന് തുടങ്ങി 26ന് അവസാനിക്കും.
2,947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഇതിൽ 4,21,977 പേർ സ്‌കൂൾ ഗോയിങ് വിഭാഗത്തിലാണ്. 2,15,660 ആൺകുട്ടികളും 2,06,566 പെൺകുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഗൾഫിൽ 9 കേന്ദ്രങ്ങളിലായി 573 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 627 പേരും പരീക്ഷയെഴുതും.
2,004 കേന്ദ്രങ്ങളിലായി 4,46,471 പേർ ഹയർസെക്കൻഡറി പരീക്ഷ എഴുതും. പരീക്ഷ എഴുതുന്നവരിൽ 226325 പേർ ആൺകുട്ടികളും 2,20,146 പേർ പെൺകുട്ടികളുമാണ്. സ്‌കൂൾ ഗോയിങ് വിഭാഗത്തിൽ 3,77,939 പേരാണ് പരീക്ഷ എഴുതുന്നത്. 27,000ത്തോളം വിദ്യാർഥികളാണ് വിഎച്ച്എസ്ഇ പരീക്ഷ എഴുതുന്നത്.
Also read: തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ നിന്നും പിടികൂടിയത് 331.56 കോടി രൂപ