കെഎസ്ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര; പ്രതിമാസ നഷ്‌ടം 112 കോടി

ഓർഡിനറി ബസിൽ മാത്രം പ്രതിമാസം 57 കോടി നഷ്‌ടം ഉണ്ടാകും. സിറ്റി ഫാസ്‌റ്റ്, ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ 65 കോടിയും ഓർഡിനറി, ഫാസ്‌റ്റ്, സൂപ്പർ ഫാസ്‌റ്റ് ബസുകളിൽ നടപ്പാക്കിയാൽ 90 കോടിയും നഷ്‌ടമുണ്ടാകും.

By Senior Reporter, Malabar News
KSRTC free travel for women
Rep. Image

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ കോടികളുടെ വരുമാന നഷ്‌ടം ഉണ്ടാകുമെന്ന് റിപ്പോർട്. ഓർഡിനറി ബസിൽ മാത്രം പ്രതിമാസം 57 കോടി നഷ്‌ടം ഉണ്ടാകും. സിറ്റി ഫാസ്‌റ്റ്, ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ 65 കോടിയും ഓർഡിനറി, ഫാസ്‌റ്റ്, സൂപ്പർ ഫാസ്‌റ്റ് ബസുകളിൽ നടപ്പാക്കിയാൽ 90 കോടിയും നഷ്‌ടമുണ്ടാകും.

മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്‌ടം 112 കോടിയാകും. ഇതുമായി ബന്ധപ്പെട്ട റിപ്പോർട് സർക്കാരിന് കൈമാറി. മൂന്ന് മാസത്തേക്കുള്ള കണക്കാണ് ഗതാഗത സെക്രട്ടറിക്ക് കൈമാറിയത്. 12 ലക്ഷത്തോളം സ്‌ത്രീകൾ പ്രതിദിനം കെഎസ്ആർടിസി ബസുകളിൽ സഞ്ചരിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.

പദ്ധതി നടപ്പാക്കിയ കർണാടകയിൽ എസി, സ്ളീപ്പർ ബസുകളിൽ സൗജന്യമില്ല. തമിഴ്‌നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ആനുകൂല്യം. പദ്ധതി ഏത് തരത്തിൽ കേരളത്തിൽ നടപ്പാക്കുമെന്നതിൽ ചർച്ചകൾ തുടരുകയാണ്. സ്‌ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് മുഖ്യമന്ത്രി വിഡി. സതീശൻ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, പദ്ധതി നടപ്പാക്കുന്നതിൽ ഗതാഗതമന്ത്രി സിപി. ജോൺ കഴിഞ്ഞ ദിവസം ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചിരുന്നു. ഏതൊക്കെ ബസിൽ, എത്ര ദൂരം വരെ എന്നതിലൊന്നും തീരുമാനമായിട്ടില്ല. ജില്ലകൾക്ക് പുറത്തേക്ക് സൗജന്യമുണ്ടോ? എല്ലാ പ്രായക്കാർക്കും ആനുകൂല്യമുണ്ടോ? എന്നീ കാര്യങ്ങളിലെല്ലാം തീരുമാനമാകാനുണ്ട്. സാമ്പത്തിക ബാധ്യത കൂടി പരിഗണിച്ചാകും തീരുമാനം.

പ്രതിദിന സ്‌ത്രീ യാത്രക്കാരുടെ എണ്ണം കണക്കാക്കാൻ കെഎസ്ആർടിസി ജെൻഡർ ടിക്കറ്റിങ് തുടങ്ങിയിരുന്നു. ഓർഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളിൽ ആയിരിക്കും ആനുകൂല്യം എന്നാണ് നിലവിലെ വിവരം. ഫാസ്‌റ്റ് പാസഞ്ചർ ബസുകളിൽ നിശ്‌ചിത ദൂരപരിധിയിൽ സൗജന്യ യാത്ര അനുവദിക്കാനും ആലോചനയുണ്ട്. പ്രത്യേക കാർഡില്ലാതെ, പ്രായപരിധിയില്ലാതെ എല്ലാ സ്‌ത്രീകൾക്കും യാത്ര സൗജന്യമാക്കിയേക്കും.

Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE