കൊൽക്കത്ത: മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജി വെക്കാൻ തയ്യാറാണെന്ന പ്രഖ്യാപനവുമായി മമത ബാനർജി. ബംഗാളിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സമരത്തിൽ ഏർപ്പെട്ട ഡോക്‌ടർമാർ സർക്കാരുമായി ഒത്തുതീർപ്പ് ചർച്ചക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് മമതയുടെ പ്രഖ്യാപനം.
ഇന്ന് ഉച്ചയ്‌ക്ക് സമരം നടത്തുന്ന ഡോക്‌ടർമാരെ മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലേക്ക് ചർച്ചക്ക് വിളിച്ചിരുന്നു. രണ്ടുമണിക്കൂറിലേറെ കാത്തിരുന്നിട്ടും ഡോക്‌ടർമാർ ചർച്ചക്ക് എത്തിയില്ല. പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മമത രാജി സന്നദ്ധത അറിയിച്ചത്. ഉന്നത പദവിയിൽ മതിമറന്നിട്ടില്ലെന്നും, ജനങ്ങളുടെ താൽപര്യം കണക്കിലെടുത്താണ് രാജിക്ക് തയ്യാറാകുന്നതെന്നും മമത വ്യക്‌തമാക്കി.
ആർജി കാർ ആശുപത്രിയിൽ കൊലചെയ്യപ്പെട്ട ഡോക്‌ടർക്ക് നീതി ലഭിക്കുക തന്നെയാണ് എന്റെയും ആവശ്യമെന്നും മമത പറഞ്ഞു. കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടാകണമെന്ന ഡോക്‌ടർമാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചെങ്കിലും തൽസമയ സംപ്രേഷണം വേണമെന്ന ആവശ്യം നിരാകരിച്ചു. 15ൽ കൂടുതൽ ആളുകൾ ചർച്ചയിൽ പങ്കെടുക്കരുതെന്നും നിർദ്ദേശമുണ്ടായിരുന്നു.
ഇന്നലെ പുലർച്ചെയാണ് സംസ്‌ഥാന സർക്കാർ ഡോക്‌ടർമാരെ ചർച്ചക്ക് ക്ഷണിച്ചത്. ചർച്ചക്കായി 12 മുതൽ 15 പ്രതിനിധികളെ അയക്കണമെന്നാണ് ചീഫ് സെക്രട്ടറി മനോജ് പന്ത് ആവശ്യപ്പെട്ടത്. ചർച്ചയിൽ മുഖ്യമന്ത്രി പങ്കെടുക്കുമോ എന്നത് സംബന്ധിച്ച് ക്ഷണക്കത്തിൽ വ്യക്‌തത ഉണ്ടായിരുന്നില്ല. കൂടാതെ, സുപ്രീം കോടതി ഉത്തരവ് ധിക്കരിക്കുന്ന ഡോക്‌ടർമാർക്കെതിരെ നടപടി ഉണ്ടാകുമെന്ന സൂചനയും ചീഫ് സെക്രട്ടറി കത്തിൽ നൽകിയിരുന്നു.
ഇതോടെയാണ് ചില വ്യവസ്‌ഥകൾ മുന്നോട്ടുവെച്ച് വൈകിട്ടോടെ സമരക്കാർ മറുപടിക്കത്ത് നൽകിയത്. മുഖ്യമന്ത്രി മമതാ ബാനർജി ചർച്ചയിൽ പങ്കെടുക്കണം, ചർച്ച തൽസമയം സംപ്രേഷണം ചെയ്യണമെന്നുമുള്ള വ്യവസ്‌ഥകളാണ് സമരക്കാർ മുന്നോട്ടുവെച്ചത്. നിരവധി മെഡിക്കൽ കോളേജുകളിലെയും ആശുപത്രികളിലെയും ഡോക്‌ടർമാർ സമരത്തിലേർപ്പെട്ടതിനാൽ പ്രതിനിധി സംഘത്തിൽ കുറഞ്ഞത് 30 പേരെങ്കിലും ഉണ്ടാകുമെന്നാണ് സമരക്കാർ അറിയിച്ചത്.
വനിതാ ഡോക്‌ടറുടെ ബലാൽസംഗ കൊലപാതകത്തിൽ ഇടപെട്ട സുപ്രീം കോടതി, പ്രതിഷേധം അവസാനിപ്പിച്ച് സേവനം തുടരാൻ സമരം ചെയ്യുന്ന ഡോക്‌ടർമാരോട് നിർദ്ദേശിച്ചിരുന്നു. ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചിനകം ജോലിയിലേക്ക് പ്രവേശിക്കണമെന്നാണ് കോടതി ഇന്നലെ നിർദേശിച്ചിരുന്നത്. എന്നാൽ, സമരം അവസാനിപ്പിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം അംഗീകരിക്കില്ലെന്നായിരുന്നു ഡോക്‌ടർമാരുടെ നിലപാട്.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ