തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച 359 പേരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചതിനു 2,76,75,000 രൂപയെന്ന വാർത്തകളെ വിമർശിച്ച് മന്ത്രി എംബി രാജേഷ്. കോടതിയിൽ കൊടുത്തത് ബജറ്റാണെന്നും അല്ലാതെ ചെലവാക്കിയ തുകയല്ലെന്നും മന്ത്രി പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നു ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന കേസിൽ സർക്കാർ ഓഗസ്‌റ്റ് 17ന് തയാറാക്കിയ റിപ്പോർട്ട് ആണ് കോടതിയിൽ സമർപ്പിച്ചത്. ഇതനുസരിച്ചുള്ള കണക്കുകളാണ് മാദ്ധ്യമങ്ങൾ പുറത്തുവിട്ടത്. ഇതിനെയാണ് മന്ത്രി എംബി രാജേഷ് വിമർശിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ;
‘‘നമ്മളിൽ പലരും വീട് എടുത്തിട്ടുണ്ടാകും. അതെടുക്കും മുന്നേ ലോൺ കിട്ടാൻ ഒരു ബജറ്റ് തയാറാക്കി ബാങ്കിൽ കൊടുക്കും. ഇതാണ് എസ്റ്റിമേറ്റഡ് ബജറ്റ്. അത് നമുക്ക് തോന്നുംപോലെ ഉണ്ടാക്കാൻ പറ്റില്ല. ആ ബജറ്റ് തയാറാക്കുന്നത് ഓരോ ഉൽപ്പന്നത്തിന്റെയും മാർക്കറ്റ് വില പരിഗണിച്ചും ചില എമ്പിരിക്കൽ ഫോർമുല ഉപയോഗിച്ചുമാണ്. നാട്ടിൽ ഒരു വീട് എടുക്കാൻ സ്ക്വയർ ഫീറ്റിന് 2000–2500 വരെ വേണ്ടി വരും എന്ന് നമ്മൾ കണക്കാക്കുന്നത് അങ്ങനെയാണ്. ചിലപ്പോൾ അത്രയും തുക ചെലവാക്കില്ല. മറ്റു ചിലപ്പോൾ കൂടിയെന്നും വരാം. ഈ രീതിയിൽ ബജറ്റ് പ്രോജക്‌ഷൻ നടത്തുന്നത് എല്ലാ കാര്യത്തിലും ഉള്ളതാണ്.
ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നാശനഷ്‍ടങ്ങളും ആദ്യഘട്ടത്തിലെ ദുരിതാശ്വാസത്തിനും ചെലവാകുന്ന തുകയുടെ ബജറ്റ് എങ്ങനെയാണ് നമ്മൾ കണക്കാക്കുക? അത് ദുരന്ത ബാധിതരായ ആളുകളുടെ എണ്ണവും അവർക്ക് സർക്കാർ പിന്തുണ വേണ്ട ദിവസങ്ങളുടെ എണ്ണവും പരിഗണിച്ചു ചില എമ്പിരിക്കൽ ഫോർമുല ഉപയോഗിച്ചാണ്. ഒരാൾക്ക് വസ്‌ത്രത്തിനു ഇത്ര പൈസ, പാത്രങ്ങൾക്ക് ഇത്ര പൈസ… അങ്ങനെ ഒരാൾക്ക് വേണ്ട തുകയും അതിൽ നിന്നും ആകെപേർക്ക് വേണ്ട തുകയും കണ്ടെത്തും. ഇത് ചെലവാക്കിയ തുകയല്ല, പ്രൊജക്‌ഷനാണ്. അതാണ് കോടതിയിൽ കൊടുത്തത്. ഇതും പൊക്കി പിടിച്ചു സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമിതത്തുക ചെലവാക്കി എന്നും പറയുന്നവരുടെ ഉദ്ദേശ്യം വേറെയാണ്.’’
NATIONAL | ട്രാക്കിൽ 70 കിലോ ഭാരമുള്ള സിമന്റുകട്ട; വീണ്ടും ട്രെയിൻ അട്ടിമറിക്ക് ശ്രമം?