ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 21 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം പുതിയ കേസുകൾ വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്തതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം പതിനായിരത്തിലധികം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. ഇതോടെ ലോകത്താകമാനമുള്ള കോവിഡ് മരണസംഖ്യ 44.16 ലക്ഷമായി. അതേസമയം 24 മണിക്കൂറിനിടെ ലോകത്ത് 5.29 ലക്ഷം പേര് രോഗമുക്തിയും നേടിയിട്ടുണ്ട്. നിലവില്‍ 1.76 കോടി ആളുകളാണ് ചികിൽസയിലുള്ളത്.
അമേരിക്കയിലാണ് ഇപ്പോൾ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെടുന്നത്. ഇന്നലെ ഒന്നര ലക്ഷത്തിലധികം കേസുകൾ കൂടി റിപ്പോർട് ചെയ്തതോടെ യുഎസിലെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി 82 ലക്ഷമായി ഉയര്‍ന്നു. 6.43 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡിൽ ജീവൻ നഷ്ടമായത്.
രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക കഴിഞ്ഞാൽ മുന്നിട്ട് നിൽക്കുന്നത് ഇന്ത്യയാണ്. രാജ്യത്ത് കഴിഞ്ഞ ദിവസം 35,178 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 3.67 ലക്ഷം പേരാണ് ചികിൽസയിൽ കഴിയുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ബ്രസീലാണ് രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്തുള്ളത്. 2,04,94,212 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്തത്. 1,93,93,047 പേർ രോഗമുക്തി നേടിയപ്പോൾ 5,72,733 ആളുകളാണ് കോവിഡ് മൂലം മരണമടഞ്ഞത്.
Most Read: എന്താണ് കെ റെയിൽ ? എന്തിനാണ് കെ റെയിൽ ?