ബെംഗളൂരു: കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് തന്നെ തീരുമാനിച്ചേക്കുമെന്ന് സൂചന. എംഎല്‍എമാരുടെ അഭിപ്രായമറിയാന്‍ ഇന്ന് വൈകുന്നേരം 7:30ന് ബിജെപി നിയമസഭാകക്ഷി യോഗം ബെംഗളൂരുവില്‍ ചേരും. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് യെദിയൂരപ്പ രാജിവെച്ചത്.
പാര്‍ട്ടിയുടെ കര്‍ണാടകയിലെ കേന്ദ്രനിരീക്ഷകനും കേന്ദ്രമന്ത്രിയുമായ കിഷന് റെഡ്ഡിയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ഇന്ന് തന്നെ ബെംഗളൂരുവിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. സാധ്യതാപ്പട്ടികയില്‍ ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അതേക്കുറിച്ച് പറയാന്‍ കഴിയല്ലെന്നും എംഎല്‍എമാരാണ് അത് തീരുമാനിക്കുന്നതെന്നും ആയിരുന്നു കിഷന് റെഡ്ഡിയുടെ മറുപടി.
യോഗത്തില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്, പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് എന്നിവരും പങ്കെടുക്കും. തന്റെ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലാണ് യെദിയൂരപ്പ രാജിവെച്ചത്. ഇന്നലെ തന്നെ ഗവര്‍ണര്‍ക്ക് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അടുത്ത മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് വരെ യെദിയൂരപ്പ കാവല്‍ മുഖ്യമന്ത്രിയായി തുടരും.
Also Read: ഹെയ്തി പ്രസിഡണ്ടിന്റെ കൊലപാതകം; ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ