തിരുവനന്തപുരം: വാക്സിൻ ചലഞ്ചിൽ പങ്കാളിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായിരുന്ന രണ്ടുലക്ഷം രൂപ സംഭാവന ചെയ്ത ബീഡി തൊഴിലാളിയെ സത്യപ്രതിജ്ഞയിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ കത്ത് ജനാർദ്ദനനു കിട്ടി. ചൊവ്വാഴ്ച പകൽ 11ഓടെയാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തി കത്ത് കൈമാറിയത്.
കണ്ണൂരിലെ കേരളാ ബാങ്ക് ജീവനക്കാരൻ സിപി സൗന്ദർരാജ് ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് പേരുപോലും പുറത്ത് പറയാൻ ആഗ്രഹിക്കാതെ വാക്സിൻ ചലഞ്ചിലേക്ക് പണം നല്കിയ ജനാർദ്ദനനെ പുറംലോകം അറിഞ്ഞത്. അഞ്ച് പതിറ്റാണ്ട് കാലത്തെ ജനാർദ്ദനന്റെ അധ്വാനത്തിൽ മിച്ചം വന്നതായിരുന്നു 2,00,850 രൂപ. ഇതിൽ രണ്ടുലക്ഷം രൂപയാണ് വാക്സിൻ ചലഞ്ചിലേക്ക് നൽകിയത്. വാക്സിൻ സൗജന്യമായി നൽകുമെന്ന് വാക്കു നൽകിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താനിത് ചെയ്തതെന്നായിരുന്നു ജനാർദ്ദനൻ പറഞ്ഞത്.
Also Read: ബോധപൂർവം വിപ്ളവകരമായ മാറ്റങ്ങൾക്ക് സിപിഎം ശ്രമിക്കുകയാണ്; എംഎ ബേബി