ഇന്ത്യന്‍ മഹാസമുദ്രത്തിലെ പവിഴപ്പുറ്റിലിടിച്ചു തകര്‍ന്ന് എണ്ണക്കപ്പല്‍; മൗറീഷ്യസില്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥ

By Desk Reporter, Malabar News
Malabar News_ Mauritius Shipwreck Leaks
Ajwa Travels

മൗറീഷ്യസ്: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമായ മൗറീഷ്യസിന്റെ തീരത്ത് പവിഴപ്പുറ്റിലിടിച്ചു തകര്‍ന്ന എണ്ണക്കപ്പല്‍ രണ്ടായി പിളര്‍ന്നു. കപ്പലില്‍ നിന്ന് ടണ്‍ കണക്കിന് ക്രൂഡ് ഓയില്‍ കടലിലേക്ക് പടരുന്നത് ആശങ്ക ഉയര്‍ത്തുന്നു. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത എം വി വകാശിയോ എന്ന ജാപ്പനീസ് കപ്പല്‍ ചൈനയില്‍ നിന്ന് ബ്രസീലിലേക്കുള്ള യാത്രക്കിടെ ജൂലൈ 25 നാണ് പവിഴപ്പുറ്റില്‍ ഇടിച്ച് അപകടമുണ്ടാവുന്നത്. തുടര്‍ന്ന് കപ്പലില്‍ ഉണ്ടായിരുന്ന 4000 ടണ്‍ വരുന്ന ഇന്ധനം ചോരാനാരംഭിച്ചു. സ്ഥിതി ഗുരുതരമായതോടെ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത് കഴിഞ്ഞയാഴ്ച രാജ്യത്ത് പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പാരിസ്ഥിതിക സംരക്ഷിത പ്രദേശത്ത് ക്രൂഡ് പടരുന്നത് ദശാബ്ദങ്ങളോളം നീണ്ട് നില്‍ക്കുന്ന ദുരന്തത്തിന് കാരണമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Malabar News_ Mauritius Ship Accident
ജാപ്പനീസ് എണ്ണ കപ്പല്‍ എം.വി വകാശിയോ രണ്ടായി പിളര്‍ന്ന് കടലിലേക്ക് താഴുന്നു.

ഓഗസ്റ്റ് 6 മുതല്‍ ആയിരം ടണ്ണിലേറെ എണ്ണയാണ് കടലിലേക്ക് ഒഴുകിച്ചേര്‍ന്നത്. തിരമാലകളുടെ തുടര്‍ച്ചയായ അടിയേറ്റ് കപ്പലിന്റെ തകര്‍ന്ന ഭാഗം വലുതാവുകയും കഴിഞ്ഞ ദിവസം രണ്ടായി പിളരുകയും ചെയ്തു. കണ്ടല്‍ക്കാടുകളുടെയും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെയും ആവാസകേന്ദ്രത്തിലേക്കാണ് ഇന്ധനം ഒഴുകുന്നത്. ഇത് കടല്‍പാര്‍ക്കിന് കനത്ത ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ എണ്ണപ്പാളി പവിഴപ്പുറ്റുകളുടെ നാശത്തിനും കാരണമാകുമെന്ന് പരിസ്ഥിതി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. മല്‍സ്യസമ്പത്തിനേയും ഇത് കാര്യമായി ബാധിച്ചേക്കാം. കപ്പലില്‍ ശേഷിക്കുന്ന 3000 ടണ്‍ എണ്ണ പമ്പ് ചെയ്‌തെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

Malabar News_ Mauritius Shipwreck Leaks-1
തകര്‍ന്ന എണ്ണക്കപ്പലില്‍ നിന്ന് കടലിലേക്ക് ഒഴുകിയ ക്രൂഡ് ഓയില്‍ കോരി മാറ്റാനുള്ള ശ്രമം.

അപകടമുണ്ടായി ഇത്ര ദിവസം കഴിഞ്ഞിട്ടും ഇന്ധനചോര്‍ച്ച തടയാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് മൗറീഷ്യസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ 15 അടി ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാല്‍ എണ്ണ ചുറ്റിനും പടരാനുള്ള സാധ്യത കൂടുതലാണ്. കപ്പലിന്റെ ഉടമകളായ കമ്പനിയില്‍ നിന്ന് മൗറീഷ്യസ് സര്‍ക്കാര്‍ നഷ്ടപരിഹാരം തേടിയിട്ടുണ്ട്. എണ്ണ നീക്കം ചെയ്യാന്‍ ജപ്പാനും ഫ്രാന്‍സും മൗറീഷ്യസിന്റെ സഹായത്തിന് മുന്നോട്ട് വന്നിട്ടുണ്ട്. എണ്ണ നീക്കം ചെയ്യാന്‍ വലിയ യന്ത്ര സംവിധാനങ്ങള്‍ ഇന്ത്യയും എത്തിച്ചിട്ടുണ്ട്. കൂടാതെ 10 ഇന്ത്യന്‍ തീരദേശ സംരക്ഷണ സേനാ വിദഗ്ധരുടെ സേവനവും ലഭ്യമാക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE