ശ്രീകണ്‌ഠപുരം: ഓൺലൈനിലൂടെ ചുരിദാർ ബുക്ക് ചെയ്‌ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയ കേസിൽ ജാർഖണ്ഡ് സ്വദേശി അറസ്‌റ്റിൽ. ദിയോഗാർ ജില്ല രഘുവാഡിയ വില്ലേജിലെ അജറുദ്ദീൻ അൻസാരി (28) ആണ് പിടിയിലായത്. ഇയാളെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്‌തു. നവംബറിൽ എള്ളരിഞ്ഞിയിലെ ചെല്ലട്ടൻ വീട്ടിൽ രജനയുടെ എസ്‌ബിഐ അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയത്.
299 രൂപക്ക് ചുരിദാർ ലഭിക്കുമെന്നു സമൂഹ മാദ്ധ്യമത്തിലെ പരസ്യം കണ്ടായിരുന്നു രജന ബന്ധപ്പെട്ടത്. ശേഷം എസ്‌ബിഐ ശ്രീകണ്‌ഠപുരം ശാഖയിലെ രജനയുടെ അക്കൗണ്ടിൽ നിന്ന് 6 തവണമായി പണം നഷ്‌ടപ്പെട്ടു. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് എസിപി ടികെ രത്‌നകുമാർ, സിഐ ഇപി സുരേശൻ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു. 150ലേറെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതിയെ തിരിച്ചറിഞ്ഞത്. സമാനരീതിയിലുള്ള തട്ടിപ്പ് നേരത്തെയും പ്രതി നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Most Read: ശ്രീലങ്കയിൽ ആളിക്കത്തി ജനരോഷം; പോലീസുമായി ഏറ്റുമുട്ടൽ