മലപ്പുറം: ജില്ലയിലെ മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ ഒപി സംവിധാനം അടിയന്തിരമായി പുനസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേരി സോൺ കമ്മിറ്റി പ്രക്ഷോഭം ആരംഭിച്ചു.
പ്രക്ഷോഭങ്ങളുടെ തുടക്കമെന്ന നിലയിൽ മെഡിക്കൽ കോളേജിന് മുൻപിൽ നടത്തിയ നിൽപ് സമരം ജില്ലാസെക്രട്ടറി കെപി ജമാൽ കരുളായി ഉൽഘാടനം ചെയ്‌തു. സംസ്‌ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. ജില്ലയിലെ ഏക സർക്കാർ മെഡിക്കൽ കോളേജിലെ സൗകര്യങ്ങളുടെ അപര്യാപ്‌തത വളരെ വലുതാണ്; ജമാൽ പറഞ്ഞു.
മെഡിക്കൽ കോളേജ് പ്രഖ്യാപിക്കപ്പെട്ടതോടെ പണി പൂർത്തിയായ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കൽ കോളേജിന്റെ അക്കാദമിക് ബ്ളോക്കാക്കി മാറ്റി. നിലവിലുണ്ടായിരുന്ന ജനറൽ ആശുപത്രി നഷ്‌ടപ്പെടുകയും ചെയ്‌തു. രാജ്യത്ത് തന്നെ അപൂർവമായ രീതിയിൽ, സാധാരണക്കാർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗമാളുകളുടെയും സഹകരണത്തോടെ തുടക്കം കുറിച്ചതാണ് മഞ്ചേരി ജനറൽ ആശുപത്രി. പ്രസ്‌തുത സംവിധാനം നഷ്‌ടമായതാണ് ചികിൽസാ സൗകര്യങ്ങൾ കുറയാൻ പ്രധാന കാരണമായത്. ഈ വിഷയത്തിൽ സംസ്‌ഥാന സർക്കാറും മഞ്ചേരി നഗരസഭയും അടിയന്തിരമായി ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജിന്റെ ഒരു ഭാഗമെങ്കിലും ഒപി പുനസ്‌ഥാപിക്കാനായി വിട്ട് നൽകുകയോ, അതല്ലെങ്കിൽ നിലവിൽ പ്രവർത്തിക്കാത്ത സർക്കാർ സ്‌കൂളുകളുടെ ഭൗതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയോ ഒപി തുടങ്ങൽ അനിവാര്യമാണ്. ലോക്ക്‌ഡൗണും സാമ്പത്തിക ദുരിതവും മഴക്കാല രോഗങ്ങളും നിയന്ത്രണങ്ങൾ ഉൾപ്പെടെ സാധാരണക്കാർ കടുത്ത ദുരിതം നേരിടുന്ന ഈ കാലത്ത് ചികിൽസാ നിഷേധം ഒരിക്കലും ന്യായീകരിക്കാനാകില്ല; ജമാൽ കരുളായി വിശദീകരിച്ചു.
മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരെ മറ്റ് ആശുപത്രിയിലേക്ക് മാറ്റുന്നത് നീതീകരിക്കാനാവില്ല, ഈ ആതുരാലയത്തിന്റെ പ്രശ്‌നങ്ങളിൽ അധികാരികൾ അടിയന്തിരമായി ഇടപെടണം. ഈ ആവശ്യമുന്നയിച്ച് മുനിസിപ്പൽ പരിധിയിലെ 100 യൂണിറ്റ് കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രതിഷേധ കൂട്ടായ്‌മകളും ഇന്ന് നടത്തിയിരുന്നതായും ഇദ്ദേഹം വ്യക്‌തമാക്കി.
പ്രസിഡണ്ട് അബ്‌ദുൽ അസീസ് സഖാഫി എലമ്പ്ര അധ്യക്ഷത വഹിച്ചു. സൈനുദ്ധീൻ സഖാഫി ചെറുകുളം, എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട് അസൈനാർ സഖാഫി കുട്ടശ്ശേരി, സംസ്‌ഥാന കൗൺസിലർ ഒഎംഎ റശീദ്, ഇബ്രാഹീം വെള്ളില, ആനക്കയം സോൺ സെക്രട്ടറി യുടിഎം ശമീർ ശുഹൈബ്, ആനക്കയം അറഫ് മുസ്‌ലിയാർ, അബ്‌ദുൽനാസർ അഷ്‌ഫി, മുഹമ്മദലി സഖാഫി, മുഹമ്മദ് സഖാഫി, അബ്‌ദുസലാം ഹാജി എന്നിവർ പ്രക്ഷോഭ പരിപാടിയിൽ പ്രസംഗിച്ചു.
Most Read: അലോപ്പതിക്കെതിരെ വ്യാജ പ്രചാരണം; രാംദേവിനെതിരെ കേസെടുത്ത് പോലീസ്