തിരുവനന്തപുരം: കോവിഡ് ബാധിതര്‍ക്കും ക്വാറന്റെയ്‌നില്‍ ഉള്ളവര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സര്‍ട്ടിഫൈഡ് ലിസ്‌റ്റ്) ഇന്നുമുതല്‍ തയ്യാറാക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബര്‍ എട്ടിന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നി ജില്ലകളിലാകും ആദ്യമായി ലിസ്‌റ്റ് തയ്യാറാക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.
പോസ്‌റ്റല്‍ ബാലറ്റ് സമ്മതിദായകരെ കുറിച്ചുള്ള രേഖപ്പെടുത്തലുകള്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെടുത്തി പരിശോധിച്ചതിനു ശേഷമാകും അനുവദിക്കുക. പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം ബന്ധപ്പെട്ട വരണാധികാരികള്‍ നിര്‍ണയിക്കണമെന്നും സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. മറ്റ് ജില്ലകളില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റെയ്‌നില്‍ ഉള്ളവര്‍ക്കും സ്‌പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കുന്നതാണ്.
ഹെല്‍ത്ത് ഓഫീസറാണ് സര്‍ട്ടിഫൈഡ് ലിസ്‌റ്റ് തയ്യാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥന് കൈമാറേണ്ടത്. കൂടാതെ നവംബര്‍ 30 മുതല്‍ ഡിസംബര്‍ ഏഴിന് വൈകുന്നേരം മൂന്നുവരെയുള്ള ദിവസങ്ങളിലെ സര്‍ട്ടിഫൈഡ് ലിസ്‌റ്റും അതാത് ദിവസങ്ങളില്‍ കൈമാറണം.
കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഹെല്‍ത്ത് ഓഫീസര്‍മാര്‍ ഡിസംബര്‍ എട്ടിന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്ന ആദ്യ സര്‍ട്ടിഫൈഡ് ലിസ്‌റ്റ് ഇന്ന് തയ്യാറാക്കണം.
ഇത്തരത്തില്‍ തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും മറ്റ് ജില്ലകളില്‍ കഴിയുന്ന സ്പെഷ്യല്‍ വോട്ടര്‍മാര്‍ ഉള്‍പ്പെടുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റ് ഹെല്‍ത്ത് ഓഫീസര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥന് കൈമാറണം. തിരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് മുതല്‍ അതാത് ദിവസം പട്ടിക തയ്യാറാക്കിയാണ് കൈമാറേണ്ടത്.
Read Also: രാജ്യത്തെ മുന്നോട്ട് നയിക്കുന്നതില്‍ ദേശീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു; തെലങ്കാന മുഖ്യമന്ത്രി