ഹൈദരാബാദ്: ഇന്ത്യയെ നയിക്കുന്നതില്‍ ദേശീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടതായി തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്‌ട്ര സമിതി (ടിആര്‍എസ്) പ്രസിഡണ്ടുമായ ചന്ദ്രശേഖര്‍ റാവു. ഇന്ത്യയില്‍ ഒരു മാറ്റത്തിനായുള്ള സമയം അതിക്രമിച്ചുവെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. ഹൈദരാബാദില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഹൈദരാബാദ് വെള്ളപ്പൊക്കത്തെ നേരിട്ട സാഹചര്യത്തില്‍ തങ്ങള്‍ കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിരുന്നു എന്നും എന്നാല്‍ അവര്‍ പത്ത് രൂപ പോലും നല്‍കി സഹായിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ ഇപ്പോള്‍ മഹാരാഷ്‌ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇവിടെയെത്തി വോട്ടര്‍മാരെ കാണുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത് ഒരു മുനിസിപ്പല്‍ തിരഞ്ഞെടുപ്പാണോ അതോ ദേശീയ തിരഞ്ഞെടുപ്പാണോ?’, അദ്ദേഹം ചോദിച്ചു.
ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതില്‍ ദേശീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു എന്നത് വാസ്‌തവമാണെന്നും രാജ്യത്ത് ദാരിദ്ര്യം, ആരോഗ്യ പ്രശ്‌നങ്ങള്‍, അനുചിതമായ വിദ്യാഭ്യാസം, ഭവനരഹിതരായ ആളുകള്‍ എല്ലാം ഉണ്ടാവുന്നത് അതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘പുതിയ ആശയങ്ങളും പുതുമകളും ഉള്‍ക്കൊള്ളുന്ന മാറ്റം ഉണ്ടാകണം. രാഷ്‌ട്രീയം അല്ല ചെയ്യേണ്ടത്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പിലൂടെ ആളുകള്‍ ഇവര്‍ക്ക് ഒരു സന്ദേശം നല്‍കണം’, മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ലോകത്ത് തന്നെ നാലാമതുള്ള റെയില്‍വേയെ അവര്‍ എന്തിനാണ് വില്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇന്ന് ഇതിനെയെല്ലാം ചോദ്യം ചെയ്യുന്നവര്‍ തെറ്റുകാരായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഹൈദരാബാദില്‍ സമാധാനപരമായ അന്തരീക്ഷമുണ്ട്, അത് പരിപാലിക്കേണ്ടത് നമ്മുടെ സ്വന്തം കടമയാണ്’, അദ്ദേഹം വ്യക്‌തമാക്കി. രാജ്യത്തെ ഭിണിപ്പിക്കുന്ന ശക്‌തികള്‍ ഇപ്പോള്‍ ഹൈദരാബാദില്‍ പ്രവേശിച്ച് നാശം സൃഷ്‌ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഹൈദരാബാദിനെ രക്ഷിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: നക്‌സല്‍ ആക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ഉദ്യോഗസ്‌ഥര്‍ക്ക് പരിക്ക്