മുംബൈ: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരമായി സന്ദേശ് ജിങ്കന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെയും ഐ ലീഗിലെയും ടീമുകളുടെ പരിശീലകർ നൽകിയ വോട്ടിന്റെ അടിസ്‌ഥാനത്തിലാണ് പ്രതിരോധതാരം മികച്ച കളിക്കാരനായത്. മധ്യനിരതാരം സുരേഷ് സിംഗ് വാങ്ജം ആണ് 2020-21 വര്‍ഷത്തെ എമര്‍ജിംഗ് താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
അവാർഡ് ലഭിച്ചത് സ്വപ്‌ന സാക്ഷാത്കാരമാണ് എന്നായിരുന്നു കഴിഞ്ഞ വർഷം അർജുന അവാർഡ് ലഭിച്ച ഈ ചണ്ഡിഗഡ് താരത്തിന്റെ പ്രതികരണം. തന്റെ 28ആം പിറന്നാൾ ദിനത്തിൽ ലഭിച്ച നേട്ടം തനിക്കേറെ പ്രിയപ്പെട്ടതാണെന്നും താരം പറഞ്ഞു. ആദ്യമായാണ് ജിങ്കന്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്.
ഫിഫ ലോകകപ്പ്, എഎഫ്‌സി ഏഷ്യൻ കപ്പ് ക്വാളിഫയർ മൽസരങ്ങളിലെ ഇന്ത്യൻ ടീമിന്റെ മികച്ച പ്രകടനത്തിൽ സന്ദേഷ് നിർണായക പങ്കുവഹിച്ചിരുന്നു. ലോകകപ്പ് ഗ്രൂപ്പ് ഇയിൽ ഇന്ത്യ മൂന്നാം സ്‌ഥാനത്തെത്തിയിരുന്നു. കൂടാതെ എഎഫ്‌സി ഏഷ്യൻ കപ്പ്- 2023 ക്വാളിഫയേഴ്‌സിന്റെ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടാനും ഇന്ത്യയ്‌ക്കായി.
അതേസമയം തനിക്ക് ലഭിച്ച പുരസ്‌കാരം നിരവധി പേര്‍ക്ക് ഫുട്‌ബോളിലുള്ള താല്‍പര്യം തുടരാന്‍ പ്രചോദനമാകുമെന്ന് ജിങ്കന്‍ വ്യക്‌തമാക്കി. കൂടാതെ കൂടുതല്‍ മികവിലേക്ക് ഉയരാനും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ഈ അവാര്‍ഡ് ധൈര്യം നല്‍കുമെന്നും എടികെ മോഹന്‍ ബഗാന്‍ താരം കൂടിയായ ജിങ്കന്‍ പറഞ്ഞു.
Most Read: കര്‍ഷകരുടെ പാര്‍ലമെന്റ് മാർച്ച് ഇന്നുമുതൽ; തലസ്‌ഥാനത്ത് കനത്ത സുരക്ഷ