തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. എസ്എസ്എൽസി പരീക്ഷാഫലം മെയ് 20നും പ്ളസ് ടു ഫലം മെയ് 25നും പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു.
അടുത്ത ആഴ്‌ച വിദ്യാഭ്യസ ഉദ്യോഗസ്‌ഥരുടെ യോഗം ചേരും. മെയ് 20ന് മുൻപ് പിടിഎ യോഗം ചേരാനും മന്ത്രി നിർദ്ദേശം നൽകി. പാഠപുസ്‌തകം 80 ശതമാനം എത്തിക്കഴിഞ്ഞെന്നും ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പാഠപുസ്‌തകം തയ്യാറാക്കുന്നതിൽ 25 ലക്ഷം വിദ്യാർഥികൾ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ഇങ്ങനെ ഒന്ന് ആദ്യമാണെന്നും മന്ത്രി വ്യക്‌തമാക്കി.
പുതിയ പാഠപുസ്‌തകം 2024ൽ പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു. ക്ളാസ് ടൈമിൽ കുട്ടികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കുന്ന രീതി അനുവദിക്കാൻ കഴിയില്ല. വിദ്യാഭ്യാസ നിയമത്തിൽ പറയുന്ന സമയം മുഴുവൻ പഠനത്തിനായി മാറ്റിവെക്കണം. മറ്റു പരിപാടികൾ പോലും ഈ സമയം നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read: മാനനഷ്‌ടക്കേസ്; രാഹുലിന് തിരിച്ചടി- അപ്പീൽ തള്ളി സൂറത്ത് കോടതി