കുവൈറ്റ്: സെപ്റ്റംബർ 26ആം തീയതി മുതൽ കുവൈറ്റിൽ സ്‌കൂളുകൾ തുറക്കാൻ അനുമതി. ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പടെ കുവൈറ്റിലുള്ള വിദേശ വിദ്യാലയങ്ങൾ 26ആം തീയതി മുതൽ തുറന്ന് പ്രവർത്തിക്കും. എന്നാൽ സ്വദേശി സ്‌കൂളുകളിലും സ്വകാര്യ അറബിക് സ്‌കൂളുകളിലും ഒക്‌ടോബർ 3 മുതലാണ് റഗുലർ ക്ളാസുകൾ ആരംഭിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി അലി അൽ മുദ്‌ഹഫ് വ്യക്‌തമാക്കി.
കുവൈറ്റിൽ 175 വിദേശ വിദ്യാലയങ്ങളാണ് ഉള്ളത്. ഇതിൽ 24 ഇന്ത്യൻ വിദ്യാലയങ്ങളും ഉൾപ്പെടുന്നുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ നിലവിൽ ഒന്നര വർഷത്തിന് ശേഷമാണ് കുവൈറ്റിൽ തുറക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും സ്‌കൂളുകൾ പ്രവർത്തിക്കുക.
ഒരു ക്‌ളാസിൽ പരമാവധി 20 കുട്ടികൾക്ക് മാത്രമായിരിക്കും പ്രവേശനം ഉണ്ടായിരിക്കുക. കൂടാതെ ഇവർ തമ്മിൽ 2 മീറ്റർ അകലം പാലിക്കുന്ന വിധത്തിലായിരിക്കും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗത്തിലും വിട്ടുവീഴ്‌ച പാടില്ലെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ വൈകിട്ട് 3 വരെയാണ് ക്ളാസ് നടത്താൻ അനുമതി നൽകിയിരിക്കുന്നത്.
Read also: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടികൂടി