സാമൂഹിക സുരക്ഷാ പെൻഷൻ; വരുമാനം കൂടിയവരെ ഒഴിവാക്കും- 5 ലക്ഷം പേർ പുറത്തായേക്കും

ഒരുലക്ഷം രൂപയിലേറെ കുടുംബ വരുമാനം ഉള്ളവരെയാണ് സാമൂഹിക സുരക്ഷാ പെൻഷനിൽ നിന്ന് ഒഴിവാക്കുക. പെൻഷൻ വാങ്ങുന്ന വ്യക്‌തി താമസിക്കുന്ന വീട്ടിലെ എല്ലാവരുടെയും വാർഷിക വരുമാനം പരിഗണിക്കും. ഇതിൽ വിവാഹിതരായ മക്കളുടെ വരുമാനം ഒഴിവാക്കി, ശേഷിക്കുന്നത് ആ വ്യക്‌തിയുടെ കുടുംബ വരുമാനമായി കണക്കാക്കണമെന്നാണ് തദ്ദേശ സ്‌ഥാപനങ്ങൾക്ക്‌ നൽകിയ നിർദ്ദേശം.

By Trainee Reporter, Malabar News
EPF PENSION
Representational Image

തിരുവനന്തപുരം: വരുമാനം കൂടിയവരെ സാമൂഹിക സുരക്ഷാ പെൻഷനിൽ നിന്ന് ഒഴിവാക്കാൻ ധനവകുപ്പിന്റെ കർശന നിർദ്ദേശം. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഡയറക്‌ടർക്കും നഗരകാര്യ ഡയറക്‌ടർക്കും ധനവകുപ്പ് നിർദ്ദേശം നൽകി. ഒരുലക്ഷം രൂപയിലേറെ കുടുംബ വരുമാനം ഉള്ളവരെയാണ് സാമൂഹിക സുരക്ഷാ പെൻഷനിൽ നിന്ന് ഒഴിവാക്കുക.

പെൻഷൻ വാങ്ങുന്നവരിൽ നിന്ന് അതത് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ കഴിഞ്ഞ സെപ്റ്റംബർ മുതൽ വരുമാന സർട്ടിഫിക്കറ്റ് ശേഖരിക്കുന്നുണ്ട്. ഫെബ്രുവരി 28നകം ഇത് നൽകണം. തുടർന്ന്, വരുമാനം വിലയിരുത്തിയ ശേഷം പരിധിക്ക് പുറത്തുള്ളവരെ ഒഴിവാക്കും. ഇതോടെ അഞ്ചുലക്ഷം പേരെയെങ്കിലും ഒഴിവാക്കേണ്ടി വരുമെന്നാണ് ധനംവകുപ്പിന്റെ വിലയിരുത്തൽ.

പെൻഷൻ വാങ്ങുന്ന വ്യക്‌തി താമസിക്കുന്ന വീട്ടിലെ എല്ലാവരുടെയും വാർഷിക വരുമാനം പരിഗണിക്കും. ഇതിൽ വിവാഹിതരായ മക്കളുടെ വരുമാനം ഒഴിവാക്കി, ശേഷിക്കുന്നത് ആ വ്യക്‌തിയുടെ കുടുംബ വരുമാനമായി കണക്കാക്കണമെന്നാണ് തദ്ദേശ സ്‌ഥാപനങ്ങൾക്ക്‌ നൽകിയ നിർദ്ദേശം. നിലവിൽ 50.5 ലക്ഷം പേരാണ് പ്രതിമാസം 1600 രൂപ വീതം പെൻഷനായി വാങ്ങുന്നത്.

ഇതിനുപുറമെ, ഏഴ് ലക്ഷത്തിലേറെ പേർ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായി ക്ഷേമപെൻഷൻ വാങ്ങുന്നവരാണ്. അവർക്ക് വരുമാന പരിധി ബാധകമല്ല. വരുമാനം ഒരുലക്ഷം കവിയരുത് എന്ന ചട്ടം 2010 മുതൽ നിലവിലുണ്ട്. 2014ൽ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മൻ‌ചാണ്ടി സർക്കാർ വരുമാന പരിധി മൂന്ന് ലക്ഷമാക്കി ഉയർത്തി. പത്ത് മാസം കഴിഞ്ഞപ്പോൾ അതേ സർക്കാർ തന്നെ തീരുമാനം പിൻവലിച്ചു വീണ്ടും ഒരുലക്ഷമാക്കി.

ഇതോടെ പെൻഷൻ വാങ്ങുന്നവർ വരുമാനത്തിന്റെ കാര്യത്തിൽ രണ്ടുതട്ടിലായി. അന്ന് വരുമാന പരിധി ഉയർത്തിയപ്പോൾ ഒമ്പത് ലക്ഷം പേരാണ് പുതുതായി പെൻഷന് അർഹത നേടിയത്. നിലവിൽ വരുമാന പരിധി കർശനമാക്കുന്നതോടെ അവരിൽ ഇനിയും പെൻഷൻ വാങ്ങുന്ന ഭൂരിഭാഗം പേരും ഒഴിവാക്കപ്പെടും.

അതേസമയം, സാമൂഹിക സുരക്ഷാ പെൻഷനും, ക്ഷേമനിധി ബോർഡുകൾ വഴിയുള്ള ക്ഷേമപെൻഷനും വീണ്ടും കുടിശികയായി കിടക്കുകയാണ്. ഡിസംബർ, ജനുവരി മാസങ്ങളിലെ പെൻഷൻ നൽകാൻ ഇതുവരെ തീരുമാനമായിട്ടില്ല. ഈ ആഴ്‌ച തന്നെ ഇത് തീരുമാനിക്കുമെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ അറിയിക്കുന്നത്.

Most Read: ‘കരുത്തുറ്റ നേതാവായി രാഹുൽ’; ഭാരത് ജോഡോ യാത്രക്ക് ഇന്ന് സമാപനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE