‘കരുത്തുറ്റ നേതാവായി രാഹുൽ’; ഭാരത് ജോഡോ യാത്രക്ക് ഇന്ന് സമാപനം

നിരവധി രാഷ്‌ട്രീയ മൂർത്തങ്ങളും വിവാദങ്ങളും നിറഞ്ഞതായിരുന്നു രാഹുലിന്റെ ജോഡോ യാത്ര. ഗൗരവമില്ലാത്ത നേതാവ് എന്ന വിമർശനങ്ങളിൽ നിന്നും കോൺഗ്രസിന്റെ കരുത്തുറ്റ നേതാവാണ് താനെന്ന പ്രതിച്ഛായയിലേക്ക് ഉയരാൻ ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധിക്കായി എന്നാണ് വിലയിരുത്തൽ. നടന്നു തീർത്ത വഴികളെല്ലാം കോൺഗ്രസിന്റെ ഭാവി തന്നിൽ സുരക്ഷിതമാണെന്ന സന്ദേശവും രാഹുൽ പ്രവർത്തകരുമായി പങ്കുവെക്കുന്നുണ്ട്.

By Trainee Reporter, Malabar News
bharat-jodo-yatra-ends today

ന്യൂഡെൽഹി: ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ഇന്ന്. ജമ്മു കശ്‌മീരിൽ പിസിസി ഓഫീസിൽ രാവിലെ പത്ത് മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തും. 11 മണിക്ക് സമാപന സമ്മേളനം തുടങ്ങും. രണ്ടു മണിവരെ നീളുന്ന സമ്മേളനത്തിൽ 11 പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കും. അതേസമയം, സമ്മേളനത്തിൽ പ്രധാന പാർട്ടികൾ വിട്ടുനിൽക്കുമെന്നാണ് വിവരം. ജെഡിയു, ജെഡിഎസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം തുടങ്ങിയ കക്ഷികളാണ് പ്രധാനമായും വിട്ടു നിൽക്കുന്നത്.

ഇന്നലെ രാവിലെ പന്താ ചൗക്കിൽ നിന്ന് ആരംഭിച്ച യാത്ര ഉച്ചക്ക് 12 മണിക്ക് ലാൽ ചൗക്കിലാണ് സമാപിച്ചത്. തുടർന്ന് രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തിയതോടെ പദയാത്രക്ക് സമാപനമായി. 136 ദിവസം കൊണ്ട് 4080 കിലോമീറ്റർ പിന്നിട്ടാണ് യാത്ര ശ്രീനഗറിൽ എത്തിയത്. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ യാത്ര 12 സംസ്‌ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 75 ജില്ലകളിലൂടെ കടന്നുപോയി.

നിരവധി രാഷ്‌ട്രീയ മൂർത്തങ്ങളും വിവാദങ്ങളും നിറഞ്ഞതായിരുന്നു രാഹുലിന്റെ ജോഡോ യാത്ര. ഗൗരവമില്ലാത്ത നേതാവ് എന്ന വിമർശനങ്ങളിൽ നിന്നും കോൺഗ്രസിന്റെ കരുത്തുറ്റ നേതാവാണ് താനെന്ന പ്രതിച്ഛായയിലേക്ക് ഉയരാൻ ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധിക്കായി എന്നാണ് വിലയിരുത്തൽ. നടന്നു തീർത്ത വഴികളെല്ലാം കോൺഗ്രസിന്റെ ഭാവി തന്നിൽ സുരക്ഷിതമാണെന്ന സന്ദേശവും രാഹുൽ പ്രവർത്തകരുമായി പങ്കുവെക്കുന്നുണ്ട്.

ഇതുവരെ രാഷ്‌ട്രീയം കണ്ട തീർത്തും വ്യത്യസ്‌തനായ നേതാവിനെയാണ് രാഹുൽ ഗാന്ധിയിലുടെ കോൺഗ്രസ് ഇനി പ്രതീക്ഷിക്കുന്നത്. 2022 സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച കാൽനട യാത്രയാണ് 136 ദിവസം പിന്നിട്ട് ഇന്നലെ കശ്‌മീരിൽ സമാപിച്ചത്. ആർഎസ്എസിനെതിരെ ആഞ്ഞടിച്ചാണ് യാത്ര തുടങ്ങുന്നത്. നാല് ദിവസത്തെ തമിഴ്‌നാട് സന്ദർശനത്തിന് ശേഷം സെപ്റ്റംബർ പത്തിനാണ് കേരളത്തിലേക്ക് പ്രവേശിച്ചത്.

കേരളത്തിൽ വൻ വരവേൽപ്പ് രാഹുലിന് ലഭിച്ചു. സംസ്‌ഥാന സർക്കാരിനെതിരായ രാഹുലിന്റെ പരാമർശം. സിപിഎമ്മിന്റെ കണ്ടെയ്‌നർ യാത്രയെന്ന പരിഹാസം തുടങ്ങിയവ കേരളത്തിൽ ചർച്ചയായി. തുടർന്ന് സെപ്റ്റംബർ 30ന് യാത്ര കർണാടകയിലേക്ക് കയറി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും ചേർത്ത് പിടിക്കാനുള്ള രാഹുലിന്റെ ശ്രമമായിരുന്നു ശ്രദ്ധേയം. നെല്ലാരിയിൽ വെച്ച് യാത്ര ആയിരം കിലോമീറ്റർ പിന്നിട്ടിരുന്നു.

നവംബർ ഏഴിന് യാത്ര മഹാരാഷ്‌ട്രയിൽ കടന്നു. സംസ്‌ഥാനത്തെ സഖ്യകക്ഷികളായ എൻസിപി, ശിവസേന പാർട്ടികൾ യാത്രയിൽ ഭാഗമായത് കോൺഗ്രസിന് നേട്ടമായെന്നാണ് കരുതുന്നത്. ബ്രിട്ടീഷുകാരെ സഹായിക്കുക ആയിരുന്നു സവർക്കർ എന്ന രാഹുലിന്റെ പരാമർശം ഇവിടെ വെച്ചാണ് ഉണ്ടായത്. നവംബർ 23ന് യാത്ര മധ്യപ്രദേശിൽ എത്തി. പ്രിയങ്കാ ഗാന്ധി രാഹുലിനൊപ്പം ചേർന്നത് ഇവിടെ വെച്ചാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതീക്ഷ വെക്കുന്ന കമൽനാഥിന് ഒപ്പം ശക്‌തിപ്രകടനത്തിനാണ് കോൺഗ്രസ് ശ്രമിച്ചത്.

ഡിസംബർ നാലിന് യാത്ര കോൺഗ്രസ് ഭരിക്കുന്ന രാജസ്‌ഥാനിൽ. പരസ്‌പരം ഏറ്റുമുട്ടുന്ന അശോക് ഗെലോട്ടിനെയും സച്ചിൻ പൈലറ്റിനെയും ഒരുമിച്ചു നിർത്തി പ്രശ്‌നങ്ങൾ ഇല്ലെന്ന് രാഹുൽ പ്രകടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ നിയമലംഘനവുമായ ബദ്ധപ്പെട്ട വിവാദങ്ങൾ ഉണ്ടായത് ഇവിടെ വെച്ചാണ്. ഡിസംബർ 16ന് യാത്ര 100 ദിവസം തികച്ചു. ഡിസംബർ 21ന് യാത്ര ഹരിയാനയിൽ കയറി. 24ന് ഡെൽഹിയിലെത്തി.

ചെങ്കോട്ടയിൽ കോൺഗ്രസ് വലിയ റാലി സംഘടിപ്പിച്ചു. ഇവിടെ വെച്ച് സിനിമാതാരം കമൽഹാസൻ യാത്രയുടെ ഭാഗമായി. തുടർന്ന് ഒമ്പത് ദിവസത്തെ ഇടവേളക്ക് ശേഷം, ജനുവരി മൂന്നിന് യാത്ര ഉത്തർപ്രദേശിലൂടെ അഞ്ചു ദിവസം കടന്നുപോയി. ജനുവരി പത്തിന് പഞ്ചാബിൽ എത്തിയ രാഹുൽ സുവർണ ക്ഷേത്രം സന്ദർശിച്ചു. 11 ദിവസമായിരുന്നു പഞ്ചാബ് പര്യടനം. തുടർന്ന് കശ്‌മീരിലേക്ക് പ്രവേശിച്ച യാത്രയിലാണ് ഏറ്റവും വലിയ വിവാദം രാഹുലും കോൺഗ്രസും നേരിട്ടത്. യാത്ര സമാപിക്കാനിരിക്കെ രാഹുലിന്റെ സുരക്ഷാ പ്രശ്‌നം, ലാൽ ചൗക്കിലെ പതാക ഉയർത്തലുമായിരുന്നു പ്രധാന സംഭവങ്ങൾ. ഒടുവിൽ 136 ദിവസം പിന്നിട്ട യാത്രക്ക് ഇന്ന് സമാപനമാകും.

Most Read: ആരോഗ്യ മേഖലയിൽ അശ്രദ്ധ, ടൂറിസത്തിൽ അഴിമതിയുടെ അയ്യരുകളി- വിമർശിച്ച് സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE