ചിറ്റൂർ: ടിപ്പർ ലോറിയിൽ നിന്ന് മണ്ണ് കാണാതായ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. ചിറ്റൂർ സിഐ ആയിരുന്ന എൻസി സന്തോഷിനെതിരെയാണ് വകുപ്പുതല അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്. പോലീസ് പിടികൂടിയ ടിപ്പർ ലോറിയിൽ നിന്ന് മണ്ണ് കാണാതായ സംഭവത്തെ തുടർന്നാണ് നടപടി.
2020 മാർച്ചിലാണ് സംഭവം. ഈ കാലയളവിൽ ചിറ്റൂർ സിഐ ആയിരുന്ന എൻസി സന്തോഷിന്റെ നേതൃത്വത്തിൽ അനധികൃതമായി മണ്ണെടുത്ത ഏഴ് ടിപ്പർ ലോറികളും രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും പിടികൂടിയിരുന്നു. തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങൾ മിനി സിവിൽ സ്‌റ്റേഷന് മുന്നിൽ നിർത്തിയിട്ടു. എന്നാൽ, ഫുൾ ലോഡ് നിറച്ച നിലയിൽ പിടികൂടിയ ടിപ്പർ ലോറികളിൽ നിന്ന് പിന്നീട് മണ്ണ് കാണാതായി.
ഇതോടെ പരാതികളുടെ പ്രവാഹമായി. എന്നാൽ, കാണാതായ മണ്ണിനെക്കുറിച്ച് പൊലീസിനും വ്യക്‌തമായ മറുപടി ഇല്ലായിരുന്നു. തുടർന്ന് പാലക്കാട് മാങ്കാവ് സ്വദേശി റെയ്‌മണ്ട് ആന്റണിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് സിഐക്കെതിരെ അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിട്ടത്. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്‌പിയെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. നിലവിൽ എൻസി സന്തോഷ് ഡിവൈഎസ്‌പിയാണ്.
Most Read: ഡെൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; സ്‌ഥിതി വിലയിരുത്താൻ കേന്ദ്രം യോഗം വിളിച്ചു