പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്‌തു. അറുമുഖൻ, ശരവണൻ, രമേശ് എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്. ചിറ്റൂർ ജയിലിലേക്കാണ് പ്രതികളെ മാറ്റുക. സുബൈറിന്റേത് രാഷ്‌ട്രീയ കൊലപാതകമാണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിന് പ്രതികാരമെന്നോണമാണ് സുബൈറിനെ വധിച്ചതെന്നാണ് റിപ്പോർട്ടിൽ ഉള്ളത്.
കസ്‌റ്റഡിയിലായ പ്രതികളുടെ അറസ്‌റ്റ് ഇന്നലെ രാവിലെയാണ് രേഖപ്പെടുത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. രമേശാണ് സുബൈർ വധത്തിലെ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട സഞ്‌ജിത്തിന്റെ ഉറ്റസുഹൃത്താണ് രമേശ്. സുബൈറിനെ കൊലപ്പെടുത്തിയത് മൂന്നാം ശ്രമത്തിലാണ്. സുബൈറിന് നേരെ പ്രതികൾ രണ്ടുവട്ടം കൊലപാതക ശ്രമം നടത്തിയിരുന്നു. എന്നാൽ, പോലീസ് പട്രോളിങ് ഉണ്ടായതിനാൽ ശ്രമം ഉപേക്ഷിച്ചുവെന്നും പ്രതികൾ മൊഴി നൽകി.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് പിറകിൽ സുബൈറിന് പങ്ക് ഉണ്ടാകുമെന്ന് സഞ്‌ജിത്ത് നേരത്തെ പറഞ്ഞിരുന്നതായും രമേശ് പോലീസിൽ മൊഴി നൽകി. കൂടുതൽ പേർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. മൂന്ന് പേരെയും കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് അടക്കം പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, ശ്രീനിവാസൻ വധക്കേസിലെ കൊലയാളി സംഘം നഗരം വിട്ടതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസ് കസ്‌റ്റഡിയിലുണ്ട്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളുടെ സഹോദരൻ ഉൾപ്പെടെയാണ് കസ്‌റ്റഡിയിൽ ഉള്ളത്. കേസുമായി ബന്ധപ്പെട്ട് രണ്ട് ഇരുചക്ര വാഹനങ്ങളും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിനിടെ ശ്രീനിവാസന്റെ കൊലപാതകം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യം ശക്‌തമാക്കുകയാണ് ബിജെപി. ഈ മാസം 29ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ എത്തുമ്പോൾ ഈ വിഷയം ഉന്നയിക്കാനാണ് പാർട്ടിയുടെ തീരുമാനം. ശ്രീനിവാസന്റെ കൊലയാളികളിൽ ഒരാളെ പോലും പിടികൂടാനാകാത്ത സാഹചര്യത്തിലാണ് നീക്കം.
Most Read: സൂപ്പർ ഡീലക്‌സ് ബസിലെ പീഡനശ്രമം; പരാതി മനഃപൂർവം കെട്ടിച്ചമച്ചതെന്ന് ഡ്രൈവർ