ന്യൂഡെൽഹി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്‌ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നിയമപരമായ നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. പോക്‌സോ കേസുകളിലും ലൈംഗിക പീഡന കേസുകളിലും വിധികൾ പ്രസ്‌താവിക്കുന്ന രാജ്യത്തെ എല്ലാ സെഷൻസ് കോടതികളും ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
ജസ്‌റ്റിസുമാരായ ബി വി നാഗരത്‌ന, പങ്കജ് മിത്തൽ എന്നിവരാണ് സുപ്രധാനമായ നിർദ്ദേശം നൽകിയത്. കേസുകൾ മെറിറ്റ് പരിശോധിച്ച ശേഷം ഇരകൾക്ക് ഇടക്കാല നഷ്‌ടപരിഹാരം നൽകാനുള്ള ഉത്തരവും സെഷൻസ് കോടതികൾക്ക് പുറപ്പെടുവിക്കാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. സുപ്രധാനമായ വിധിയുടെ പകർപ്പ് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും കൈമാറാനും സുപ്രീം കോടതി നിർദ്ദേശിച്ചു.
മഹാരാഷ്‌ട്രയിൽ നിന്നുള്ള ഒരു പോക്‌സോ കേസിൽ അമിക്കസ് ക്യൂറി സഞ്‌ജയ് ഹെഡ്ഡെയും അഭിഭാഷകൻ മുകുന്ദ് പി ഉണ്ണിയും കൈമാറിയ റിപ്പോർട് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രസ്‌താവം. പോക്‌സോ, ലൈംഗിക പീഡന കേസുകളിലെ ഇരകൾക്ക് ക്രിമിനൽ നടപടി ചട്ടത്തിലെ 357 എ, ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിൽ 196 വകുപ്പുകൾ പ്രകാരം നഷ്‌ടപരിഹാരം നൽകേണ്ടതാണ്.
എന്നാൽ, പലപ്പോഴും സെഷൻസ് കോടതികൾ ഈ നഷ്‌ടപരിഹാരം വിധിക്കാറില്ലെന്ന് അമിക്കസ് ക്യൂറി സുപ്രീം കോടതിയിൽ വ്യക്‌തമാക്കി. ക്രിമിനൽ നടപടി ചട്ടത്തിലെ 357 എ പ്രകാരമുള്ള നഷ്‌ടപരിഹാരം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 357 ബി പ്രകാരം ഈടാക്കുന്ന പിഴയ്‌ക്ക് പുറമെ ആണെന്നും അമിക്കസ് കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ്, സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Most Read| അമേരിക്കയുടെ ‘സുവർണ്ണ കാലഘട്ടം’; അധികാരം ഉറപ്പിച്ച് ഡൊണാൾഡ് ട്രംപ്