ഐഫോൺ 12 സീരീസ് പുറത്തിറക്കി വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ ഐഫോൺ 11 ന് ഡിസ്കൗണ്ട് നൽകി ആപ്പിൾ. 13,400 രൂപയോളം വിലയാണ് കുറച്ചത്. പുതിയ സീരിസിലേക്ക് പോകാൻ താൽപര്യം ഇല്ലാത്തവർക്ക് മികച്ച സാധ്യതയാണ് വിലക്കുറവിലൂടെ ലഭിക്കുന്നത്.
നേരത്തെ 68300 രൂപയായിരുന്നു ഐഫോൺ 11 ന്റെ 64 ജി.ബി മോഡലിന്റെ വില. എന്നാൽ, രാജ്യത്ത് പുതുതായി ആരംഭിച്ച ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിൽ ഈ മോഡൽ 54,900 രൂപക്ക് ലഭ്യമാണ്. 128 ജി.ബി മോഡൽ 59,900 രൂപക്കും 256 ജി.ബി വേരിയന്റ് 69,900 രൂപക്കും ലഭിക്കും.
എസ്.ഇ, എക്സ്.ആർ സീരീസിന്റെ വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഐഫോൺ എസ് ഇ 128 ജി.ബി മോഡൽ 39,900 രൂപക്കും 256 ജി.ബി വേരിയന്റ് 54,900 രൂപക്കും ലഭിക്കും. അതേസമയം, ഐഫോൺ എക്സ്.ആർ 64 ജി.ബി, 128 ജി.ബി മോഡലുകൾ യഥാക്രമം 47,900 രൂപക്കും 52,900 രൂപക്കും ലഭ്യമാകും.
ഉൽസവ ഓഫറിന്റെ ഭാഗമായി ഒക്ടോബർ 17 മുതൽ ഐഫോൺ 11 ന്റെ കൂടെ എയർപോഡുകളും ആപ്പിൾ സ്റ്റോർ സൗജന്യമായി നൽകും. ആമസോണും ഫ്ളിപ് കാർട്ടും 18000 രൂപയോളം വിലക്കിഴിവാണ് ഐഫോൺ 11 ന് പ്രഖ്യാപിച്ചിരിക്കുന്നത്.