മലയാളത്തിന്റെ സ്വന്തം കൊച്ചുഗായിക ആര്യനന്ദയുടെ ആദ്യ സിനിമാഗാനം റിലീസായി

By PR Sumeran, Special Correspondent
  • Follow author on
Singer Aryananda
Ajwa Travels

കോഴിക്കോട് കീഴരിയൂര്‍ സ്വദേശിയായ ആര്യനന്ദയെന്ന കൊച്ചുമിടുക്കിയെ ഗാനാസ്വാദകരായ ആരും മറക്കില്ല. രണ്ടര വയസിൽ ചെമ്പൈ സം​ഗീതോൽസവത്തിൽ പാടാൻ ഭാഗ്യം ലഭിച്ച ഈ മിടുക്കിയിപ്പോൾ ചലച്ചിത്ര പിന്നണി ഗായികയാവുകയാണ്.

ലോകത്തിലെ അറിയപ്പെടുന്ന ഗായികമാരുടെ പട്ടികയിൽ, നാളെ തന്റെ പേരും ഉണ്ടാകണെമെന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന ഈ കൊച്ചുമിടുക്കി കടലുണ്ടി ഐഡിയൽ പബ്ളിക് സ്‌കൂളിലെ ഏഴാം ക്‌ളാസ്‌ വിദ്യാർഥിയാണ്. ജില്ലാ, സംസ്‌ഥാന, ദേശീയ സംഗീത മൽസരങ്ങളിലൂടെയും ഒട്ടനേകം സ്‌റ്റേജ് ഷോകളിലൂടെയും കഴിവ് തെളിയിക്കുകയും ഗാനാസ്വാദകരുടെ മനസ് കീഴടക്കുകയും ചെയ്‌ത ആര്യനന്ദയുടെ ആദ്യ സിനിമാ പിന്നണി ഗാനമാണ് ഇന്ന് റിലീസ് ചെയ്‌തത്‌.

നവാഗതനായ പിസി സുധീര്‍ കഥയെഴുതി സംവിധാനം ചെയ്‌ത്, റിലീസിന് തയ്യാറായിരിക്കുന്ന ‘ആനന്ദകല്ല്യാണം’ എന്ന ചലച്ചിത്രത്തിലൂടെയാണ് ലോകമലയാളികളുടെ വാൽസല്യ പാട്ടുകാരിയായ ആര്യനന്ദ സിനിമാ ഗാനരംഗത്തേക്ക് ചുവട്‌വെക്കുന്നത്‌. ഗായകരായ പികെ സുനില്‍കുമാറിനും അന്‍വര്‍ സാദത്തിനും ഒപ്പം മലബാറിലെ ഖവാലി ശൈലിയിൽ ആരുമറിയാതെ നെഞ്ചിനുള്ളിലെന്നോ കാത്തുവെച്ചു നിന്നെ കണ്ണാളേ… എന്ന ഗാനത്തിലാണ് ആര്യനന്ദ മനോഹരമായ തന്റെ ശബ്‌ദം ഇണക്കി ചേർത്തിരിക്കുന്നത്.

പ്രശസ്‌ത സംഗീത സംവിധായകന്‍ രാജേഷ്‌ബാബു കെ ശൂരനാട് സംഗീതം നല്‍കിയ ഗാനത്തിന് രചന നിർവഹിച്ചിരിക്കുന്നത് രചനാ സുബ്രഹ്‍മണ്യനാണ്. നിയുക്‌ത എംഎല്‍എയും ഗായികയുമായ ദലീമ, സിത്താര കൃഷ്‌ണകുമാർ, അഫ്‌സൽ, നജീം അര്‍ഷാദ്, ഹരീഷ് കണാരന്‍ എന്നിവര്‍ തങ്ങളുടെ ഫേസ്ബുക് പേജിലൂടെയാണ് ഈ ഗാനം റിലീസ് ചെയ്‌തത്‌. ഗാനം റിലീസായി നിമിഷങ്ങള്‍ക്കകം ഗാനം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ‘ആനന്ദകല്ല്യാണം’ സിനിമയിലേതായി മുൻപ് റിലീസ് ചെയ്‌ത പാട്ടുകളെല്ലാം ഇതിനോടകം ഹിറ്റുകളായതാണ്. ഗാനം ഇവിടെ കേൾക്കാം.

ലളിതഗാനം, ശാസ്‌ത്രീയ സംഗീതം തുടങ്ങി സംഗീത വഴിയുടെ എല്ലാ ശാഖകളിലും തന്റേതായ വ്യക്‌തിമുദ്ര പതിപ്പിച്ച ആര്യനന്ദ 460ഓളം വേദികളിൽ പാടിയിട്ടുണ്ട്. രാജ്യത്തെ പ്രശസ്‌തരായ ഒട്ടേറെ ഗായകര്‍ക്കൊപ്പം അനേകം വേദികളിലും ഈ കൊച്ചുമിടുക്കിക്ക് പാടാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.

സിടിവിലെ റിയാലിറ്റി ഷോ ‘സരിഗമപ’ സംഗീത പരിപാടിയില്‍ വിജയകിരീടം നേടി. ഹിന്ദി ഭാഷയില്‍ പ്രാവിണ്യമില്ലാത്ത ആര്യനന്ദ, ഹിന്ദിഗാനങ്ങള്‍ ഭാഷാശുദ്ധിയോടെ ആലപിച്ചതും സംഗീതരംഗത്ത് വലിയ സ്വീകാര്യത ഉണ്ടാക്കിയിരുന്നു.

മൂന്നാം ക്ളാസിൽ പഠിക്കുമ്പോള്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ മലയാളം, ഹിന്ദി, തെലുങ്ക്, ഭാഷകളില്‍ ‘സനേഹപൂര്‍വ്വം ആര്യനന്ദ’ എന്ന സംഗീതാര്‍ച്ചനയിലൂടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ നോമിനിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന്, മൂന്ന് മണിക്കൂറുകൊണ്ട് 25 പാട്ടുകള്‍ തുടര്‍ച്ചയായി പാടിയായിരുന്നു ആര്യനന്ദയുടെ പ്രകടനം.

Singer Aryananda with Family
അച്ഛൻ രാജേഷ് ബാബുവിനും അമ്മ ഇന്ദുവിനുമൊപ്പം

സംഗീത അദ്ധ്യാപകരായ രാജേഷ് ബാബുവിന്റെയും ഇന്ദുവിന്റെയും ഏകമകളായ ആര്യനന്ദ, എസ്‌പി ബാലസുബ്രഹ്‌മണ്യം, അൽക്ക യാഗ്‌നിക് തുടങ്ങിയ അതി പ്രശസ്‌തർക്കൊപ്പം വേദി പങ്കിടാനവസരം ലഭിച്ച ഭാഗ്യവതിയാണ്.

പ്രശസ്‌തരായ സംഗീതജ്‌ഞർക്ക് മുന്നിൽ പാടാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹമായാണ് കാണുന്നത്. എങ്കിലും സിനിമയിൽ ആദ്യമാണ്. ഭക്‌തിഗാനങ്ങളും, ലളിതഗാനങ്ങളും, ആൽബം ഗാനങ്ങളും ഉൾപ്പടെ 40ലധികം ഗാനങ്ങളും പാടാൻ ഈശ്വരൻ അവസരം തന്നെങ്കിലും ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എനിക്കാദ്യം ലഭിച്ച അവസരമാണിത്; ആര്യനന്ദ പറഞ്ഞു. ഈ അവസരം നല്‍കിയ ‘ആനന്ദകല്ല്യാണം’ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട് നന്ദിയുണ്ടെന്നും ആര്യനന്ദ വ്യക്‌തമാക്കി.

Little Singer Aryananda
ബോളിവുഡ് ഗായകരായ ജാവേദ് അലി, അൽക്ക യാഗ്‌നിക്, സംഗീത സംവിധായകനും ഗായകനുമായ ഹിമേഷ് രേഷാമിയ എന്നിവർക്കൊപ്പം ആര്യനന്ദ

സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്‌മാനാണ് ‘ആനന്ദകല്ല്യാണം’ നിർമിക്കുന്നത്. അഷ്‌ക്കർ സൗദാനും അര്‍ച്ചനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം നവാഗതരായ ഒട്ടേറെ സംഗീത പ്രതിഭകളെ പരിചയപ്പെടുത്തുന്ന സിനിമ കൂടിയാണ്. തെന്നിന്ത്യന്‍ ഗായിക സന മൊയ്‌തുട്ടി മലയാളത്തില്‍ ആദ്യമായി പാടിയ ചിത്രം കൂടിയാണ് ആനന്ദക്കല്ല്യാണം.

വളർന്നുവരുന്ന യുവഗായികക്കുള്ള പ്രേംനസീർ പുസ്‌കാരം, യുവഗായികക്കുള്ള വാർമുകിൽ പുരസ്‌കാരം, ഇന്ത്യൻ നാഷണൽ ആർട്ടിസ്‌റ്റ് യൂണിയൻ കോൺഗ്രസിന്റെ യുവപ്രതിഭാ പുസ്‌കാരം, കേരള മദ്യനിരോധന സമിതിയുടെ ബാലപ്രതിഭാ പുരസ്‌കാരം, മാക്‌സ് ഇന്റർനാഷണൽ ലിറ്റിൽ ഐക്കൺപുരസ്‌കാരം എന്നിവയുൾപ്പടെ ഒട്ടനേകം പുരസ്‌കാരങ്ങളാണ് 13ലേക്ക് കടക്കുന്ന ഈ കൊച്ചുമിടുക്കിയെ ഇതുവരെ തേടിയെത്തിയത്.

Aryananda with Srinivas and Sujatha Mohan
ഗായകർ സുജാതക്കും ശ്രീനിവാസിനുമൊപ്പം ആര്യനന്ദ

ജാനകിയമ്മയെ ഏറെ ഇഷ്‍ടപ്പെടുന്ന ആര്യനന്ദയുടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള പ്രവേശനത്തെ ഭാവിയുടെ വാഗ്‌ദാനം, കൊലമാസ് എൻട്രി, ലോകത്തിന് കേരളത്തിന്റെ സംഭാവന എന്നിങ്ങനെ കുറിച്ചുകൊണ്ടാണ് പലരും സാമൂഹിക മാദ്ധ്യമലോകത്ത് സ്വാഗതം ചെയ്യുന്നത്.

Most Read: ‘ആടുജീവിത’ത്തിന് എതിരായ ‘കോപ്പിയടി’ ആരോപണം വീണ്ടും ശക്‌തമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE