തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിൽ ദീർഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങൾ നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്. എല്ലാവരും ജാഗ്രത പുലർത്തണം. 18 വയസിന് മുകളിലുള്ളവരിൽ 95 ശതമാനത്തോളം പേർക്കും വാക്‌സിൻ നൽകിയതോടെ സാമൂഹിക നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സംസ്‌ഥാനം പ്രാപ്‌തമായിട്ടുണ്ട്. നാളെ മുതൽ സ്‌ഥിതി മാറുകയാണെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.
അധ്യായനം ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചിരുന്നെങ്കിലും കൂട്ടുകാരുമായി ഒത്തുചേർന്ന് പഠിക്കുന്നതിനും കളിക്കുന്നതിനുമൊക്കെ കുട്ടികൾക്ക് സാധിക്കാതെ പോയത് വിഷമകരമായ കാര്യമായിരുന്നു. മാത്രമല്ല, വിദ്യാലയങ്ങളിൽ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്‌ടിച്ചിരിക്കുന്ന വെല്ലുവിളികളുമുണ്ടായിരുന്നു. നാളെ മുതൽ ആ സ്‌ഥിതി മാറുകയാണ്.
നിലവിൽ സംസ്‌ഥാനത്ത് കോവിഡ് പുതിയ കേസുകളുടെയും ചികിൽസയിലുള്ള രോഗികളുടെയും എണ്ണം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മികച്ച ജാഗ്രത പുലർത്തിക്കൊണ്ട് വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്‌ളാസുകളും 10, 12 ക്‌ളാസുകളും നവംബർ ഒന്ന് മുതലും ബാക്കിയുള്ള ക്‌ളാസുകൾ നവംബർ 15 മുതലും ആരംഭിക്കും.
സുരക്ഷിതമായ രീതിയിൽ വിദ്യാലയങ്ങളുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവുക എന്നത് അതീവ പ്രധാനമാണ്. അക്കാര്യത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ ഒരുപോലെ അനിവാര്യമാണ്. അതിനായി ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്‌തമായി മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറാക്കിയ മാർഗരേഖ കർശനമായി പാലിക്കേണ്ടതുണ്ട്. പ്രധാന നിർദ്ദേശങ്ങൾ വിദ്യാലയങ്ങളിലേക്കും അവിടെ നിന്നും രക്ഷിതാക്കളിലേക്കും കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read: പൊതുമരാമത്ത് റസ്‌റ്റ് ഹൗസിൽ മന്ത്രിയുടെ മിന്നൽ പരിശോധന; പിന്നാലെ നടപടി