കോഴിക്കോട്: വിദേശരാജ്യങ്ങളുടെ മാതൃകയിൽ പാലങ്ങൾ ദീപാലംകൃതമാക്കുന്ന പദ്ധതിയുടെ തുടക്കം ഫറോക്ക് പഴയ പാലത്തിൽ ഇന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിച്ചു.
സംസ്‌ഥാനത്തെ പഴയ പാലങ്ങളുടെ മുഖം ടൂറിസം സൗഹൃദമാക്കി മാറ്റുന്ന പദ്ധതികളുടെ ഭാഗമായാണ് ഫറോക്ക് പഴയ പാലത്തിനെ മാറ്റിമറിച്ചത്. രാത്രികാലങ്ങളിൽ വർണ വിസ്‌മയം തീർത്തും സന്ദർശകർക്കായി ആധുനിക സംവിധനങ്ങൾ തീർത്തുമാണ് ഇന്ന് മുതൽ ഹൈടെക്ക് പാലം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.
പാലത്തിനു സമീപത്തെ കോർപറേഷൻ ചിൽഡ്രൻസ് പാർക്ക് നവീകരിച്ച് വെളിച്ച സൗകര്യം, അലങ്കാര വിളക്കുകൾ, പ്രഭാത സവാരി സൗകര്യം, പുതിയ കളി ഉപകരണങ്ങൾ, മിനി ഓപ്പൺ എയർ സ്‌റ്റേജ് കഫെറ്റീരിയ, സ്‌ട്രീറ്റ് ലൈബ്രറി, ഗാർഡൻ മ്യൂസിക്, ശുചിമുറി ബ്‌ളോക് എന്നിവയും സജ്‌ജമാക്കിയിട്ടുണ്ട്.
പാലങ്ങൾ ദീപാലംകൃതമാക്കുന്ന പദ്ധതിയിലെ സംസ്‌ഥാനത്തെ ആദ്യത്തെ പാലമാണിത്. പഴയ പാലത്തിന്റെ ദീപാലംകൃതമായ കാഴ്‌ചയും ചാലിയാറിന്റെ മനോഹാരിതയും സന്ദർശകർക്ക് ഒപ്പിയെടുക്കാൻ കഴിയുന്ന തരത്തിൽ പാലത്തിനോട് ചേർന്ന് സെൽഫി പോയിന്റ് ഒരുക്കിയിട്ടുണ്ട്.
പാലത്തിന്റെയും ബേപ്പൂർ മണ്ഡലത്തിന്റെയും ചരിത്രവും ടൂറിസം കേന്ദ്രങ്ങളും ഉൾപ്പെടുത്തിയുള്ള വിഡിയോ വോളും തെളിയിച്ചിട്ടുണ്ട്. ചാലിയാറിന്റെ ജല ടൂറിസത്തിന് പ്രാധാന്യം നൽകി ഇതിന് സമീപത്തായി ഫ്ളോട്ടിംഗ് ജെട്ടിയും നിർമിക്കുന്നുണ്ട്. ഇതോടൊപ്പം പാർക്കിന്റെ ചുമരുകളിൽ വർണചിത്രങ്ങൾ, വ്യത്യസ്‌തമായ ശിൽപങ്ങൾ എന്നിവ ഒരുക്കി അലങ്കരിച്ചിട്ടുണ്ട്.
ചെറിയ മിനുക്കു പണികൾ ബാക്കിയുണ്ടങ്കിലും അവ ഉടനെ പൂർത്തീകരിക്കും. പൊതുമരാമത്ത് വകുപ്പും വിനോദ സഞ്ചാര വകുപ്പും ചേര്‍ന്നാണ് പാലം ദീപാലംകൃതമാക്കിയത്. 1.65 കോടി രൂപയാണ് ചെലവ്. പൂര്‍ണമായും ഉരുക്കില്‍ നിര്‍മിച്ച ഈ പാലത്തിന് 240 മീറ്റര്‍ നീളവും 4.76 മീറ്റര്‍ വീതിയുമുണ്ട്.
KAUTHUKAM | ഗണേശ വിഗ്രഹവും ‘ജൂനിയർ മാൻഡ്രേക്ക്’ അവസ്‌ഥയും!