കണ്ണൂർ: സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ യാത്ര ദുരിതമാകുന്നു. ഒരു സ്വകാര്യ ബസിൽ 48 സീറ്റുകളാണുള്ളത്. 11 പേർക്ക് നിന്ന് യാത്ര ചെയ്യാനുമാകും. ഇങ്ങനെ 60 പേർ യാത്ര ചെയ്യേണ്ട ബസിൽ ഇരട്ടിയിലധികം ആളുകളാണ് ഇടിച്ചുകയറുന്നത്. ഇതിൽ ഏറെയും വിദ്യാർഥികളാണ്.
കെഎസ്‌ആർടിസിയിൽ സ്‌റ്റുഡന്റ് പാസ് ഇല്ലാത്തതും വിദ്യാർഥികളുടെ പോക്കുവരവ് ദുരിതമാക്കി. മിക്ക ബസുകളിലും സൂചി കുത്താൻ ഇടമില്ല എന്ന സ്‌ഥിതിയാണ്. പ്ളസ് വൺ വിദ്യാർഥികൾ കൂടി തിങ്കളാഴ്‌ച സ്‌കൂളുകളിൽ എത്തിയതോടെ കോവിഡിനെ പോലും മറന്ന യാത്രയാണ് ബസുകളിൽ. കുട്ടികളെ എങ്ങനെ കയറ്റും എന്ന ചോദ്യവുമായി ബസുകാരും വാതിൽക്കൽ നിൽപ്പുണ്ട്.
സ്‌കൂൾ തുറന്നിട്ടും യാത്രാമാർഗങ്ങളുടെ പരിമിതികൾ വിദ്യാർഥികളെ ബാധിക്കുന്നു. കോവിഡിന് മുൻപ് ജില്ലയിൽ 1300 സ്വകാര്യ ബസുകളാണ് ഓടിയിരുന്നത്. നിലവിൽ 600- 700 ബസുകൾ മാത്രമാണ് നിരത്തിലുള്ളത്. അഞ്ഞൂറിലധികം ബസുകളുടെ കുറവ് കോവിഡ് കാല യാത്രയെ സാരമായി തന്നെ ബാധിക്കുന്നു. സ്‌കൂൾ ബസുകളിൽ പലതും ഫിറ്റ്‌നസ് ഇല്ലാത്ത കാരണത്താൽ ഓടിക്കുന്നില്ല. ജില്ലയിൽ നിലവിൽ 60 സ്‌കൂൾ ബസുകൾക്ക് മാത്രമാണ് ഫിറ്റ്‌നസ് നൽകിയതെന്നാണ് ആർടിഒ ഓഫിസ് അധികൃതർ നൽകുന്ന വിവരം. ജില്ലയിൽ ചുരുക്കം ചില സ്‌കൂളുകൾ മാത്രമാണ് കെഎസ്‌ആർടിസി ബോണ്ട് സർവീസ് തുടങ്ങിയത്. ഇതും വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നു.
കൂടാതെ, സ്വകാര്യ ബസുകളിൽ ഒരു രൂപ പാസുമായി വിദ്യാർഥികൾ പോകുമ്പോഴുള്ള പ്രശ്‌നങ്ങളും വരും ദിവസങ്ങളിൽ ഉണ്ടാകാം. കോവിഡ് സൃഷ്‌ടിച്ച സാമ്പത്തികപ്രശ്‌നം കാരണം നിർത്തിയിട്ട ബസുകളിൽ ഭൂരിഭാഗവും ബ്രേക്ക് എടുത്തിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി രാജ്‌കുമാർ കരുവാരത്ത് പറയുന്നു. ഇതിന് 70000 രൂപയോളം ചെലവ് വരും. ഇൻഷുറൻസിന് 80,000 രൂപ വേണം. പലതിനും ബാറ്ററിയും ടയറും പോയിട്ടുണ്ട്. അത് നന്നാക്കണം. എല്ലാം കൂടി ബസ് നിരത്തിലോടാൻ രണ്ടുലക്ഷം രൂപയോളം ചെലവ് വരും. ഈ സാഹചര്യത്തിൽ ബസുകൾ വിദ്യാർഥികളുമായി ഓടുന്നതിനേക്കാൾ നല്ലത് നിരത്തിൽ ഇറക്കാതിരിക്കുന്നതല്ലേ എന്നാണ് ഉടമകളുടെ ചോദ്യം.
Also Read: കെഎസ്ആർടിസി; സർക്കാരിനെ വെട്ടിലാക്കി ഭരണാനുകൂല യൂണിയനും സമരത്തിലേക്ക്