റഷ്യൻ ഉപരോധത്തിൽ മലക്കംമറിഞ്ഞ് ട്രംപ്; ഇളവ് പ്രഖ്യാപിച്ചു, തീരുവ ബിൽ തടഞ്ഞു

റഷ്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ട വിവിധ ഉപരോധങ്ങളിലും ഇറക്കുമതി തീരുവകളിലും ഇളവ് പ്രഖ്യാപിച്ചു. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് 100 ശതമാനം നികുതി ഏർപ്പെടുത്താനുള്ള ബിൽ തടയുകയും ചെയ്‌തു.

By Senior Reporter, Malabar News
Donald-Trump

വാഷിങ്ടൻ: റഷ്യക്കെതിരായ ഉപരോധത്തിൽ മലക്കംമറിഞ്ഞ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. റഷ്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ട വിവിധ ഉപരോധങ്ങളിലും ഇറക്കുമതി തീരുവകളിലും ഇളവ് പ്രഖ്യാപിച്ചു. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് 100 ശതമാനം നികുതി ഏർപ്പെടുത്താനുള്ള ബിൽ തടയുകയും ചെയ്‌തു.

നിലവിൽ താൽക്കാലിക ഇളവ് പ്രഖ്യാപിച്ച് പുതിയ ഉത്തരവിറക്കിയിട്ടുണ്ട്. റഷ്യ-യുക്രൈൻ ബന്ധം കൂടുതൽ വഷളായിക്കൊണ്ടിയിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം. ആഗോള വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇളവുകളെന്നാണ് വിശദീകരണം.

എന്നാൽ, റഷ്യക്കെതിരായ ഉപരോധത്തിൽ ഇളവ് വരുത്തിയ യുഎസിന്റെ നടപടിയിൽ യുക്രൈന് അതൃപ്‌തി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. റഷ്യയുടെ ഊർജ കയറ്റുമതി വരുമാനം തടയുക, നാലുവർഷത്തിലധികം നീണ്ട യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മോസ്‌കോയെ ചർച്ചകളിലേക്ക് വലിച്ചിഴക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് യുഎസ് ഉപരോധ ബിൽ പാസാക്കിയത്.

കഴിഞ്ഞ 12 മാസത്തെ കണക്കുകളുടെ അടിസ്‌ഥാനത്തിൽ റഷ്യൻ ക്രൂഡ് ഓയിലും വാതകവും ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങളെ കണ്ടെത്താൻ യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവിനെ ചുമതലപ്പെടുകയും ചെയ്‌തിരുന്നു. ഇന്ത്യയും ചൈനയും ഉൾപ്പടെ അഞ്ച് രാജ്യങ്ങളാണ് ഈ ബിൽ മൂലം ആശങ്കയിലായിരുന്നത്. പുതിയ തീരുമാനം ഇരുരാജ്യങ്ങൾക്കും ആശ്വാസം നൽകുന്നതാണ്.

റഷ്യയുടെ ഊർജ മേഖലയെയും രാജ്യത്ത് നിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള രാജ്യങ്ങളെയും ലക്ഷ്യമിട്ട് കൊണ്ടുള്ള ലിൻഡ്സെ ഒ. ഗ്രഹാം നിയമം സെപ്‌തംബർ 18നാണ് ട്രംപ് ഒപ്പുവെച്ചത്. യുക്രൈൻ അധിനിവേശത്തിന്റെ പശ്‌ചാത്തലത്തിൽ റഷ്യയുടെ മേലുള്ള സാമ്പത്തിക സമ്മർദ്ദം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടുവന്നത്.

റഷ്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 500 ശതമാനം വരെ വർധിപ്പിക്കാൻ എക്‌സിക്യൂട്ടീവ് ഉത്തരവിൽ വ്യവസ്‌ഥയുണ്ടായിരുന്നു. കൂടാതെ, ഒക്‌ടോബർ 18നോ അതിനുശേഷമോ റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഏറ്റവും വലിയ അഞ്ച് രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം താരിഫ് ചുമത്താനും ലക്ഷ്യമിട്ടിരുന്നു. ഈ തീരുമാനങ്ങളാണ് ഇപ്പോൾ ട്രംപ് ഒഴിവാക്കിയിരിക്കുന്നത്.

അതേസമയം, ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഇറാനെ പ്രകോപിപ്പിക്കേണ്ടതില്ലെന്നാണ് അമേരിക്കയുടെ തീരുമാനമെന്നാണ് റിപ്പോർട്. എന്നാൽ, അവസരം മുതലെടുത്ത് ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ ആക്രമിച്ച് ഇറാൻ നടപടി കടുപ്പിക്കുകയാണെന്നാണ് വിവരം. ഊർജ കേന്ദ്രങ്ങൾ ആക്രമിച്ചാൽ ഉടൻ ശക്‌തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാൻ ഊർജ മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ, ഇറാനെതിരായ യുദ്ധത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കരസേനാ നീക്കത്തിന് സാധ്യതയില്ലെന്നും ട്രംപ് വ്യക്‌തമാക്കിയിട്ടുണ്ട്. അതിനിടെ, യുഎസ് തന്ത്രങ്ങൾ നിഷ്‌ഫലമാക്കി ആഗോള വിപണിയിൽ എണ്ണവില ബാരലിന് 110 ഡോളറിലേക്ക് കുതിക്കുകയാണ്.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE