ന്യൂഡെൽഹി: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ബ്ളൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റര്‍. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിൽ നിന്ന് ബ്ളൂ ടിക്ക് നീക്കം ചെയ്തതിന് പിന്നാലെയാണ് ഇത്. 2019 മെയ് മാസത്തിലാണ് ഭാഗവത് ട്വിറ്ററിൽ അക്കൗണ്ട് എടുത്തത്. 200,000ൽ അധികം ഫോളോവേഴ്സ് ഉണ്ട്. എന്നാൽ ആർഎസ്എസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മാത്രമാണ് അദ്ദേഹം തിരിച്ച് ഫോളോ ചെയ്യുന്നത്.
ട്വിറ്ററിന്റെ നിയമങ്ങൾ അനുസരിച്ച്, ഒരു അക്കൗണ്ട് മാസങ്ങളായി ‘നിഷ്ക്രിയമായി’ തുടരുകയാണെങ്കിൽ അതിന്റെ ബ്ളൂ ടിക്ക് നീക്കം ചെയ്യപ്പെടും. “ട്വിറ്റര്‍ ഹാന്‍ഡിലിലെ പേര് മാറ്റുന്നത്, ആക്ടീവ് അല്ലാത്ത അക്കൗണ്ടുകള്‍, വ്യക്തിഗത സ്ഥിരീകരണത്തിനായുള്ള വിവരങ്ങള്‍ നല്കാതിരിക്കല് എന്നീ സാഹചര്യങ്ങളില്‍ മുന്നറിയിപ്പില്ലാതെ തന്നെ വെരിഫൈഡ് ബാഡ്ജ് ഒഴിവാക്കാന്‍ കമ്പനിക്ക് അധികാരമുണ്ട്,”- എന്നാണ് ട്വിറ്റര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടിൽ നിന്ന് ബ്ളൂ ടിക്ക് നീക്കം ചെയ്തത് ഈ നിയമം ചൂണ്ടിക്കാട്ടിയായിരുന്നു. ഇപ്പോൾ മോഹന്‍ ഭാഗവതിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബ്ളൂ ടിക്ക് നീക്കം ചെയ്തതും ഇതേ കാരണംകൊണ്ടാണ്.
വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ അക്കൗണ്ട് 6 മാസത്തോളമായി സജീവമല്ലായിരുന്നു എന്ന് ഉപരാഷ്ട്രപതിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു. 2020 ജൂലൈ 23നാണ് വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ അക്കൗണ്ടിൽ നിന്ന് അവസാനമായി ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, സംഭവം വാർത്തയായതിനെ തുടർന്ന് ഉപരാഷ്ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടിലെ ബ്ളൂ ടിക്ക് ട്വിറ്റർ ഇന്ന് പുനസ്ഥാപിച്ചു.
Most Read: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ വാക്സിനായി ‘കോർബേവാക്സ്’; ഒരു ഡോസിന് 250 രൂപ