കോട്ടയം: തിടനാട് പഞ്ചായത്തിലെ പിണ്ണാക്കനാട്ട് രണ്ടുവയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. പിണ്ണാക്കനാട് സിഎംഎസ് കോളനിയിൽ കൊള്ളിക്കൊളവിൽ അലൻ-സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടി ഇവാൻ അലക്‌സ് ആണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു.
ഇന്ന് വൈകീട്ട് മൂന്നുമണിയോടെ ആയിരുന്നു സംഭവം. മുറ്റത്ത് കളിച്ചുനടന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ കണ്ടെത്തിയത്. കിണറിന് ആൾമറയില്ലാത്തതാണ് അപകടത്തിന് കാരണമായത്. ഉടൻ ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്‌സെത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിണറ്റിൽ പാമ്പിനെ കണ്ടതായി രക്ഷാപ്രവർത്തകർ പറഞ്ഞെങ്കിലും വെള്ളത്തിൽ വീണാണ് മരണമെന്നാണ് നിഗമനം. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് വാർഡ് മെമ്പർ ജോസുകുട്ടി അറിയിച്ചു.
Most Read| ഏഷ്യൻ ഗെയിംസ്; ലോങ്‌ജംപിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി


































