നഗോയ: ഏഷ്യൻ ഗെയിംസിൽ ലോങ്ജംപിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി. 8.07 മീറ്റർ ദൂരം പിന്നിട്ടാണ് ശ്രീശങ്കർ രണ്ടാം സ്ഥാനത്ത് എത്തിയത്. ചൈനയുടെ ഷി യുഹാവുവിനാണ് സ്വർണം. ഉസ്ബക്കിസ്ഥാന്റെ അൻവറോവ് വെങ്കലവും നേടി.
തന്റെ രണ്ടാം ശ്രമത്തിലാണ് ശ്രീശങ്കർ വെള്ളിയിലേക്കുള്ള ദൂരം പിന്നിട്ടത്. ഏഷ്യൻ ഗെയിംസിൽ ശ്രീശങ്കറിന്റെ തുടർച്ചയായ രണ്ടാം മെഡൽ കൂടിയാണിത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും വെള്ളി നേടിയിരുന്നു. ഇതുകൂടാതെ ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഒരു വെള്ളിയും കോമൺവെൽത്ത് ഗെയിംസിൽ രണ്ട് വെള്ളി മെഡലും താരം സ്വന്തമാക്കിയിട്ടുണ്ട്.
പുരുഷ ജാവലിൻ ത്രോയിൽ വെള്ളിയും വെങ്കലവും ഇന്ത്യക്കാണ്. 85.72 മീറ്റർ ദൂരം കണ്ടെത്തിയ യശ്വീർ സിങ് വെള്ളിയും 84.35 മീറ്റർ എറിഞ്ഞ രോഹിത് യാദവ് വെങ്കലവും നേടി. 88.55 മീറ്റർ എറിഞ്ഞ ശ്രീലങ്കൻ താരം റുമേഷ് പതിരാഗെയ്ക്കാണ് സ്വർണം.
വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യൻ താരം വിദ്യ രാജ് വെങ്കലം നേടി. പിടി ഉഷയുടെ ദേശീയ റെക്കോർഡ് തിരുത്തിയ പ്രകടനമാണ് വിദ്യയുടേത്. നേരത്തെ 55.42 സെക്കൻഡായിരുന്നു വിദ്യയുടെ മികച്ച സമയം. പിടി ഉഷയും ഇതേ സമയത്ത് മുൻപ് ഫിനിഷ് ചെയ്തിട്ടുണ്ട്.
42 വർഷങ്ങൾക്ക് മുൻപ് 55 സെക്കൻഡിന് താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവുമായാണ് പിടി ഉഷ ഈ റോക്കോർഡിട്ടത്. എന്നാൽ, 2023 ഏഷ്യൻ ഗെയിംസിൽ 55.42 സെക്കൻഡിൽ ഫിനിഷ് ചെയ്ത വിദ്യയും ഉഷയ്ക്കൊപ്പമെത്തി. അതാണ് ഇപ്പോൾ വിദ്യ തകർത്തത്.
Most Read| യുപിഐ ഇടപാടിന് ഫീസ്; കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി




































