കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമേഖലയായ പരപ്പൻപാറയിൽ സൂചിപ്പാറ താഴെ ഭാഗത്ത് നിന്നും മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് ഇവിടങ്ങളിൽ ജനകീയ തിരച്ചിൽ തുടങ്ങിയത്. പരപ്പൻപാറയിലെ പുഴയോട് ചേർന്ന പ്രദേശത്ത് നിന്നും മൂന്ന് ശരീരഭാഗങ്ങളാണ് ലഭിച്ചത്. സന്നദ്ധപ്രവർത്തകരും ഫോറസ്‌റ്റ് സംഘവും പ്രദേശത്ത് കൂടുതൽ തിരച്ചിൽ നടത്തുകയാണ്.
ദുരന്തമേഖലകളെ ആറായി തിരിച്ചാണ് തിരച്ചിൽ നടക്കുന്നത്. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികൾ തിരച്ചിലിനുണ്ട്. അതേസമയം, മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിടയാക്കിയത് കനത്ത മഴയാണെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്. പ്രാദേശിക ഘടകങ്ങൾ ദുരന്തത്തിന്റെ ആഘാതം കൂട്ടി. സ്‌ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
29, 30 തീയതികളിലായി പെയ്‌ത കനത്ത മഴയ്‌ക്ക് പിന്നാലെയാണ് ഉരുൾപൊട്ടലുണ്ടായത്. അപകടമേഖലയിൽ 2018 മുതൽ ചെറുതും വലുതുമായി ഉരുൾപൊട്ടലുകൾ ഉണ്ടായി. മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഏഴ് കിലോമീറ്റർ ദൂരത്തോളം അവശിഷ്‌ടങ്ങൾ ഒഴുകി. കൂറ്റൻ പാറക്കഷ്‌ണങ്ങളും മണ്ണും ചെളിയും വേഗത്തിൽ ഒഴുകിയെത്തി. അപകടമേഖലയുടെ മലയോര മേഖലകൾ അതീവ ഉരുൾപൊട്ടൽ സാധ്യതാ പട്ടികയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Most Read| ‘സെബി മേധാവിയുമായി വാണിജ്യ ബന്ധമില്ല, തെറ്റായ ആരോപണങ്ങൾ’; തുറന്നടിച്ച് അദാനി ഗ്രൂപ്പ്