ന്യൂഡെൽഹി: യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻ ബർഗിന്റെ ആരോപണങ്ങൾക്കെതിരെ തുറന്നടിച്ചു അദാനി ഗ്രൂപ്പ്. സെബി മേധാവി മാധബി പുരി ബുച്ചുമായോ അവരുടെ ഭർത്താവ് ധവാൽ ബുച്ചുമായോ അദാനി ഗ്രൂപ്പിന് വാണിജ്യ ബന്ധമില്ല. തങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് അമേരിക്കൻ കമ്പനി നടത്തുന്നതെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.
ആരോപണങ്ങൾ പൂർണമായും നിഷേധിച്ച പ്രസ്താവനയിൽ വ്യക്തിഗത ലാഭം കൊയ്യുന്നതിനായി മുൻകൂട്ടി നിശ്ചയിക്കപ്പെട്ട നിഗമനങ്ങളിൽ എത്തിച്ചേരുകയാണ് ഹിൻഡൻബർഗ് ചെയ്തതെന്നും അദാനി ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നുണ്ട്. സമഗ്രമായി അന്വേഷിക്കുകയും അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുകയും 2024 ജനുവരിയിൽ സുപ്രീം കോടതി തള്ളുകയും ചെയ്ത അപകീർത്തികരമായ വിവരങ്ങൾ വീണ്ടും ഉപയോഗിക്കുകയാണ് ഹിൻഡൻബർഗ് ചെയ്തിരിക്കുന്നത്.
തങ്ങളുടെ വിദേശ സ്ഥാപനങ്ങളുടെ ഘടന പൂർണമായും സുതാര്യമാണ്. എല്ലാ വിശദാംശങ്ങളും പൊതുരേഖകളിൽ പലപ്പോഴായി രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി. സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും അദാനിയുടെ വിദേശത്തെ കടലാസ് (ഷെൽ കമ്പനി) കമ്പനിയിൽ നിക്ഷേപ പങ്കാളിത്തം ഉണ്ടെന്നായിരുന്നു വിസിൽബ്ളോവർ വഴി ലഭിച്ച രേഖകൾ ചൂണ്ടിക്കാട്ടി ഹിൻഡൻ ബർഗ് ആരോപിച്ചത്.
ഹിൻഡൻ ബർഗിന്റെ ആരോപണങ്ങൾ മാധബി നേരത്തെ നിഷേധിച്ചിരുന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും മാധബി പുരി ബുച്ച് പ്രസ്താവനയിൽ വ്യക്തമാക്കിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു. ഹിൻഡൻ ബർഗ് പുറത്തുവിട്ട റിപ്പോർട്ടിലെ ആരോപണങ്ങൾ ശക്തമായി നിഷേധിക്കുന്നുവെന്നും അവർ വ്യക്തമാക്കിയിരുന്നു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി