കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തന്റെ പേരിൽ അന്വേഷണ സംഘം രേഖപ്പെടുത്തിയത് കൃത്രിമ മൊഴിയെന്ന് മുൻ കണ്ണൂർ ടൗൺ വനിതാ എസ്ഐ ദീപ്തി. എസ്ഐടിക്കാണ് ദീപ്തി മൊഴി നൽകിയത്.
കെഎസ്യു ആക്രമണത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് അന്വേഷണ സംഘം തന്റെ പേരിൽ കള്ളമൊഴി രേഖപ്പെടുത്തിയെന്നാണ് ദീപ്തി എസ്ഐടിയെ അറിയിച്ചത്. ആദ്യ അന്വേഷണ സംഘം തന്റെ മൊഴി എടുത്തിട്ടേയില്ലെന്നും ദീപ്തി എസ്ഐടിയോട് പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ അന്ന് മന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്നു ദീപ്തി.
നേരത്തെ, കെഎസ്യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്ന മൊഴി നൽകിയത് വീണാ ജോർജിന്റെ നിർദ്ദേശപ്രകാരമാണെന്ന് ഗൺമാൻ അഭിലാഷ് എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിക്കുന്നത് കണ്ടിട്ടില്ല. വീണ ജോർജ് നിർദ്ദേശിച്ച പ്രകാരമാണ് റെയിൽവേ പോലീസിന് അന്ന് മൊഴി നൽകിയതെന്നും അഭിലാഷ് പറഞ്ഞു.
കേസിൽ അഭിലാഷിന്റെ മൊഴിയായിരുന്നു നിർണായകമായത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്ന് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നടക്കം ഗുരുതര കുറ്റങ്ങൾ ചുമത്തി കെഎസ്യു പ്രവർത്തകർക്കതിരെ കേസെടുത്തത്. അതേസമയം, വ്യാജ മൊഴി നൽകിയ സംഭവത്തിൽ അഭിലാഷിനെതിരെ നടപടിയെടുക്കാൻ എസ്ഐടി ശുപാർശ ചെയ്യും. അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്ഐടി ഡിജിപിക്ക് റിപ്പോർട് നൽകും.
കഴിഞ്ഞ ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം. കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് വീണ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചുവെച്ച ഗൺമാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പ്രവർത്തകർക്കതിരെ കേസെടുത്തിരുന്നത്.
Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി





































