യുവതിയെ ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് ബന്ധുക്കൾ

By Desk Reporter, Malabar News
woman death in Wayanad

കല്‍പ്പറ്റ: അമ്പലവയല്‍ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും. മേപ്പാടി കുന്നമ്പറ്റയില്‍ നിന്ന് ഇവര്‍ മഞ്ഞപ്പാറയില്‍ എന്തിന് വന്നുവെന്നതാണ് ദുരൂഹമായിരിക്കുന്നത്. ഇക്കാര്യം ബന്ധുക്കള്‍ക്കും അറിയില്ല. തന്റെ മകള്‍ ആത്‍മഹത്യ ചെയ്യില്ലെന്ന് യുവതിയുടെ അമ്മ ശ്യാമള അന്വേഷണ സംഘത്തോട് പറഞ്ഞു.

മേപ്പാടി കുന്നമ്പറ്റ പെരിഞ്ചിറ സതീഷ്‌കുമാറിന്റെ ഭാര്യ മഞ്‌ജു (29) വിനെയാണ് ഇന്നലെ ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്‌ജുവിന്റെ അമ്മ വൃക്കരോഗിയാണ്. ഇവര്‍ ചികിൽസക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുമ്പോള്‍ സാധാരണയായി മഞ്‌ജുവാണ് കൂടെ പോകുന്നത്.

പതിവ് പോലെ ഞായറാഴ്‌ച അമ്മയെ ഡോക്‌ടറെ കാണിക്കണമെന്ന് പറഞ്ഞാണ് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നിറങ്ങിയത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും വീട്ടിലെത്താതായതോടെ ഭര്‍ത്താവ് സതീഷ് മേപ്പാടി പോലീസില്‍ പരാതി നൽകുകയായിരുന്നു. അമ്മയുടെ അടുത്തേക്ക് പോകുന്നുവെന്നാണ് മഞ്‌ജു പറഞ്ഞതെങ്കിലും സതീഷ് അമ്മയെ വിളിച്ചപ്പോള്‍ അവിടേക്ക് എത്തിയില്ലെന്നായിരുന്നു മറുപടി. ഇതിന് ശേഷം വിളിച്ചു നോക്കിയപ്പോള്‍ മഞ്‌ജുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് പോലീസിനെ അറിയിച്ചതും അന്വേഷണം ആരംഭിച്ചതും.

അതിനിടെ മൃതദേഹം കണ്ടെത്തിയ മഞ്ഞപ്പാറ ഭാഗത്ത് യുവതി എത്തിയത് പ്രദേശവാസികളില്‍ ചിലര്‍ കണ്ടതായി പറയുന്നു. തനിച്ചുനിന്ന യുവതിയോട് എവിടെ പോകുന്നുവെന്ന് ചോദിച്ചെങ്കിലും ബന്ധുവീട്ടില്‍ വന്നതാണെന്നായിരുന്നു മറുപടി. ഇതിന് ശേഷം ക്വാറിക്കുളങ്ങളുള്ള ഭാഗത്തേക്ക് നടന്നുപോയതായും പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഈ സമയം ഒരു ജീപ്പും ഈ വഴി പോയിരുന്നുവെന്നുള്ള വിവരവും പ്രദേശവാസികള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

ചൊവ്വാഴ്‌ച എട്ടരയോടെ പ്രദേശവാസികള്‍ തന്നെയാണ് മൃതദേഹം കണ്ടത്. ബാഗും ചെരുപ്പും മാസ്‌കും യുവതി കഴിച്ചതെന്ന് കരുതുന്ന പഴത്തിന്റെ ബാക്കിയും കുളത്തിന്റെ കരയില്‍ ഉണ്ടായിരുന്നു. എന്നാല്‍ മഞ്‌ജു ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇവിടെ നിന്ന് കണ്ടെത്താനായില്ല. എഎസ്‌പി അജിത്കുമാര്‍, സുല്‍ത്താന്‍ബത്തേരി ഡിവൈഎസ്‌പി വിവി ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Most Read:  ശശീന്ദ്രനെതിരായ ആരോപണത്തിൽ മറുപടി പ്രതീക്ഷിക്കേണ്ട; എ വിജയരാഘവന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE