ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 16.31 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 11,000ത്തിൽ അധികം മരണങ്ങളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 33.83 ലക്ഷം പിന്നിട്ടു. 1,72 കോടി പേരാണ് നിലവില്‍ ലോകത്താകമാനം ചികിൽസയിൽ കഴിയുന്നത്.
രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നത്. യുഎസില്‍ 3.36 കോടി പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ ആറ് ലക്ഷത്തോട് അടുത്തു.
അതേസമയം കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് ലോകത്ത് ഒന്നാമതുള്ളത്. 3.53 ലക്ഷം പേര്‍ക്കാണ് വെള്ളിയാഴ്ച രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2.43 കോടി പിന്നിട്ടു. മരണസംഖ്യ 2.66 ലക്ഷമായി ഉയര്‍ന്നു. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമായി കുറഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞാഴ്ച 21.9 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ബ്രസീലിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. 1.55 കോടി കോവിഡ് കേസുകളാണ് ബ്രസീലിൽ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ടത്. വെള്ളിയാഴ്ച 85,536 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
Read Also: സംസ്ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്