കോഴിക്കോട്: ഭാര്യയാണെന്ന് കരുതി യുവാവ് ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് നൻമണ്ട സഹകരണ ബാങ്കിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ടു മണിയോടെയാണ് സംഭവം.
നൻമണ്ട സ്വദേശിയായ മാക്കാടമ്പാത്ത് ബിജു ബാങ്കിലെത്തി ഒരു ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിക്കുക ആയിരുന്നു. ഇതേ ബാങ്കിലെ ജീവനക്കാരിയാണ് ബിജുവിന്റെ ഭാര്യ. ദീർഘനാളായി ബിജുവും ഭാര്യയും അകന്നുകഴിയുകയാണ്. ഭാര്യയോടുള്ള വിദ്വേഷം തീർക്കാനായി ബാങ്കിലെത്തിയതായിരുന്നു ഇയാൾ.
എന്നാല്‍, ആളുമാറി വെട്ടിയത് ബാങ്കിലെ തന്നെ മറ്റൊരു ജീവനക്കാരിയായ മണ്ണാമ്പൊയിൽ സ്വദേശിയായ ശ്രീഷ്‌മയെയാണ്. യുവതിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. യുവതിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം.
മാസ്‌ക് ധരിച്ചിരുന്നതിനാലാണ് ബിജുവിന് ആളെ മാറിയതെന്ന് പോലീസ് പറയുന്നു. ബിജുവിനെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്. നേരത്തെയും ബിജു ബാങ്കിലെത്തി യുവതിയെ ഭീഷണിപ്പെടുത്തി ഇരുന്നതായി ബാങ്ക് ജീവനക്കാർ പറയുന്നു.
Also Read: മഴ തുടരും; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി