കോഴിക്കോട്: മൂഴിക്കലിൽ 16-കാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രീനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
മൂഴിക്കൽ പൂതംകുഴിയിൽ റംസീനയുടെയും സഹോദരി ഹസീനയുടെയും മക്കളാണ് മരിച്ച നസ്രീനയും അദിനാനും. നസ്രീനയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം. കള്ളൻ കയറിയെന്ന് കരുതി പരിശോധിച്ചപ്പോഴാണ് നസ്രീനയെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവ സമയം നസ്രീനയുടെ ഉമ്മയും മുത്തശ്ശിയും സഹോദരിയും സഹോദരനും വീട്ടിലുണ്ടായിരുന്നു. മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
അദിനാനെ മുറിയിൽ പൂട്ടിയിട്ടതിന് ശേഷമാണ് പെൺകുട്ടിയുമായി വീട്ടുകാർ ആശുപത്രിയിൽ എത്തിയത്. മടങ്ങിയെത്തിയപ്പോൾ മുഖത്ത് സെല്ലോ ടേപ്പ് ചുറ്റി മരിച്ച നിലയിൽ കണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. യുവാവിന്റെ സ്വഭാവ ദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്‌തതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പെൺകുട്ടിയുടെ വീട്ടിൽ നിന്ന് അദിനാൻ പണം മോഷ്‌ടിച്ചതിനെ ചൊല്ലിയും തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യങ്ങൾ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. അദിനാൻ പെൺകുട്ടിയുടെ വീട്ടിൽ നിന്നാണ് പഠിച്ചിരുന്നത്. ഇരുവരും സഹോദരിമാരുടെ മക്കളാണ്. അടുത്തിടെയാണ് നസ്രീനയുടെ കുടുംബവുമായി അദിനാൻ തെറ്റിയത്.
Most Read| ഇസ്രയേൽ-ഇറാൻ പുതിയ റൗണ്ട് ചർച്ച ഉടൻ? പന്ത് ഇറാന്റെ കോർട്ടിലെന്ന് വാൻസ്









































