കോഴിക്കോട്: മൂന്നുകോടി രൂപ തന്നാൽ മന്ത്രിയാക്കാം എന്ന വ്യാജ ഫോൺകോൾ വിഷയത്തിൽ സൈബർ സെൽ പോലീസിൽ പരാതി നൽകി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്‌ണൻ. സൈബർ തട്ടിപ്പിന് ശ്രമിച്ചെന്നാണ് പരാതി. എംഎൽഎയുടെ പരാതിയിൽ കോഴിക്കോട് സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജൂലൈ ആറിനായിരുന്നു ഡെൽഹിയിൽ നിന്ന് വിദ്യക്ക് ഫോൺ കോൾ വന്നത്. സംസ്‌ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാവുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമായിരുന്നു വാഗ്‌ദാനം. വയനാട് എംപിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞാണ് വാട്‌സ് ആപ്പ് കോൾ വന്നത്. വിളിച്ചയാൾ ഹിന്ദിയിൽ ആയിരുന്നു സംസാരിച്ചത്.
ജില്ലയിലെ ഒരു എംപിയാണ് ഫോൺ നമ്പർ തന്നതെന്നും വിളിച്ചയാൾ പറഞ്ഞു. സംഭാഷണം നീണ്ടപ്പോൾ സംശയം തോന്നിയ എംഎൽഎ, പണം തരാമെന്ന് പറഞ്ഞു. പിന്നീട് ഫോൺ നമ്പർ നൽകിയെന്ന് പറഞ്ഞ എംപിയെ കാര്യങ്ങൾ ധരിപ്പിച്ചു. എഐസിസി ആസ്‌ഥാനത്ത് നിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചെന്നും ജില്ലയിലെ രണ്ട് എംഎൽഎമാരുടെ ഫോൺ നമ്പർ ചോദിച്ചുവാങ്ങിയെന്ന് എംപി വ്യക്‌തമാക്കി.
ഇതോടെ ഇരുവരും പാർട്ടി ആസ്‌ഥാനവുമായും പ്രിയങ്കാ ഗാന്ധി എംപിയുടെ ഓഫീസുമായും ബന്ധപ്പെട്ടു. ഓഫീസിൽ നിന്ന് ഫോൺവിളി ഉണ്ടായിട്ടില്ലെന്ന് സ്‌ഥിരീകരിച്ചതോടെ 11ആം തീയതി വിദ്യ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. ഡെൽഹിയിൽ നിന്നുതന്നെയാണ് വിളി വന്നതെന്ന് സൈബർ സെൽ സ്‌ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണ്.
അതിനിടെ, വിഷയത്തിൽ എംഎൽഎ വിദ്യാ ബാലകൃഷ്‌ണൻ രംഗത്തെത്തി. കേരളത്തിലെ ഒരു എംഎൽഎയോടാണ് സംസാരിക്കുന്നതെന്ന മിനിമം ബോധം തട്ടിപ്പുകാർക്ക് വേണമെന്നും എല്ലാ ആളുകളെയും പറ്റിക്കാമെന്ന് കരുതുന്നപോലെ കേരളത്തിലെ ആളുകളെ പറ്റിക്കാമെന്ന് അവർ വിചാരിക്കരുതെന്നും എംഎൽഎ പറഞ്ഞു.
മന്ത്രിസഭാ രൂപീകരണം കഴിനീർക്കുന്ന ഒരു സംസ്‌ഥാനത്ത് വന്നാണ് ഇത്തരം തട്ടിപ്പുകൾക്ക് ശ്രമിക്കുന്നതെങ്കിലും ആലോചിക്കണ്ടേ. സാധാരണക്കാരായ ഒരുപാട് ആളുകൾ ഇത്തരം തട്ടിപ്പിൽ വീണുപോകാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് പരാതി കൊടുത്തതെന്നും എംഎൽഎ പറഞ്ഞു. ഇതൊരു വാർത്ത ആവേണ്ട കാര്യമില്ല. അന്വേഷണം കൃത്യമായി നടന്നാൽ മാത്രമേ പ്രതികളെ കണ്ടുപിടിക്കാൻ കഴിയൂ. അതിനാണ് പരാതി നൽകിയതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം


































