സലാല: എയർ ഇന്ത്യ എക്‌സ്‌പ്രസ് സലാല-കൊച്ചി സർവീസ് പുനരാരംഭിക്കുന്നു. ഓഗസ്‌റ്റ് രണ്ടുമുതലാണ് ബുക്കിങ് ആരംഭിച്ചിട്ടുള്ളത്. ഞായറാഴ്‌ചയും വ്യാഴാഴ്‌ചയുമായി ആഴ്‌ചയിൽ രണ്ട് സർവീസുകളാണ് ഉണ്ടാവുക.
ഈ ദിവസങ്ങളിൽ രാവിലെ 10.05ന് പുറപ്പെടുന്ന വിമാനം 12.35ന് സലാലയിലെത്തും. തിരിച്ച് 1.35ന് സലാലയിൽ നിന്ന് തിരിക്കുന്ന വിമാനം 7.25നാണ് കൊച്ചിയിലെത്തുക. സലാലയിലെ മലയാളി പ്രവാസി സമൂഹത്തിനും കേരളത്തിലേക്കുള്ള യാത്രക്കാർക്കും സർവീസ് ഏറെ പ്രയോജനകരമാകും.
ജൂലൈ മുതൽ സലാല-കോഴിക്കോട് സർവീസുകളും എയർ ഇന്ത്യ എക്‌സ്‌പ്രസ് പുനരാരംഭിച്ചിരുന്നു. ആഴ്‌ചയിൽ രണ്ട് സർവീസുകളാണ് ഉള്ളത്. സലാലയിലെ പ്രവാസി കൂട്ടായ്‌മകളുടെ പൊതുവേദിയായ ലീഡേഴ്‌സ് ഫോറം മുൻകൈയെടുത്ത് ഒമാൻ ഹെഡ് ഉൾപ്പടെയുള്ളവർക്ക് നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്‌തതിന് പിന്നാലെയാണ് സലാല-കൊച്ചി സർവീസ് പുനരാരംഭിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയത്.
അതേസമയം, സലാലയിലെ പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനങ്ങളെടുത്ത എക്‌സ്‌പ്രസ് മാനേജ്‌മെന്റിന് കോൺസുലാർ ഏജന്റ് ഡോ. കെ സനാതനൻ നന്ദി അറിയിച്ചു. മിതമായ നിരക്കിൽ ആരംഭിച്ച സലാല-കൊച്ചി, സലാല-കോഴിക്കോട് സർവീസുകൾ സലാലയിലെ പ്രവാസികൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ലീഡേഴ്‌സ് ഫോറം കോ-ഓർഡിനേറ്റർ റസൽ മുഹമ്മദ് അഭ്യർഥിച്ചു.
Most Read| 11 തവണ എവറസ്‌റ്റ് കീഴടക്കി; ജീവിതം ഒരു പോരാട്ടമാക്കിയ ‘മൗണ്ടൻ ക്വീൻ’







































