ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ വാഹനം തോട്ടിലേക്ക് മറിഞ്ഞ് 14 മരണം. ചമ്പാവത്ത് ജില്ലയിൽ ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങി എത്തുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്.
ചമ്പാവത്തിലെ സുഖിദാംഗ് റീത്ത സാഹിബ് റോഡിന് സമീപമുള്ള തോട്ടിലേക്ക് ഇവർ സഞ്ചരിച്ച കാർ വീഴുകയായിരുന്നു. 14-15 ആളുകൾ വാഹനത്തിൽ ഉണ്ടായിരുന്നതായാണ് അധികൃതർ വ്യക്‌തമാക്കുന്നത്. ഇതുവരെ 14 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും അപകടത്തിൽ പെട്ട ആളുകൾ ഉണ്ടോയെന്ന് രക്ഷാസംഘം തിരച്ചിൽ നടത്തുകയാണ്.
സംഭവ സ്‌ഥലത്ത് തന്നെ 12 പേർ മരിച്ചു. 2 പേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെയും മറ്റൊരാളെയും കൂടെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഉത്തരാഖണ്ഡിലെ കാക്കനായിലെ ദണ്ഡ, കതോട്ടി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. ഇവർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
Read also: ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വന്ദേഭാരത് മിഷൻ; ആദ്യ വിമാനം യുക്രയ്‌നിലേക്ക് പുറപ്പെട്ടു