കോഴിക്കോട് : ജില്ലയിൽ ഒരു കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. കിണാശ്ശേരി ഹൈസ്‌കൂളിനു സമീപം കെകെ ഹൗസിൽ അബ്‌ദുൽ നാസർ(24), ചെറുവണ്ണൂർ ശാരദാമന്ദിരം ചോളമ്പാട് പറമ്പ് ഫർഹാൻ(22) എന്നിവരെയാണ് എക്‌സൈസ് ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തത്. ക്രിസ്‌റ്റൽ രൂപത്തിലുള്ള 310 ഗ്രാം എംഡിഎംഎയും, 1.8 കിലോ കഞ്ചാവുമാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്.
ഒളവണ്ണ ഒടുമ്പ്രയിൽ നടത്തിയ പരിശോധനക്കിടെ ആണ് ഇരുവരും പിടിയിലായത്. എക്‌സൈസ് ഇന്റലിജൻസും ഫറോക്ക് റേഞ്ചും ചേർന്നാണ് പരിശോധന നടത്തിയത്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഫർഹാൻ അവിടെ നിന്നു പരിചയപ്പെട്ട നൈജീരിയൻ സ്വദേശി മുഖേനയാണ് എംഡിഎംഎ എത്തിച്ചതെന്ന് മൊഴി നൽകിയിട്ടുണ്ട്. കൂടാതെ 25,000 രൂപക്കാണ് ഇവർ ഒരു ഗ്രാം എംഡിഎംഎ വിൽപ്പന നടത്തുന്നതെന്നും എക്‌സൈസ് സംഘം കണ്ടെത്തി.
ഫറോക്ക് റേഞ്ച് ഇൻസ്‌പെക്‌ടർ കെ സതീശൻ, ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്‌ടർ എ പ്രജിത്ത്, പ്രിവന്റീവ് ഓഫീസർ പ്രവീൺ ഐസക്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എൻ ശ്രീശാന്ത്, എ സവീഷ്, എം റെജി, പി വിപിൻ, എൻ സുജിത്ത്, ഡ്രൈവർ പി സന്തോഷ് കുമാർ എന്നിവരും പരിശോധന നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.
Read also : റിപ്പ്ഡ് ജീന്‍സ് വിവാദം; പ്രസ്‌താവന തിരുത്താതെ മാപ്പുപറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി