ഡെറാഡൂണ്‍: ‘റിപ്പ്ഡ് ജീന്‍സ്’ വിവാദത്തില്‍ മാപ്പുപറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത്. ആരെയെങ്കിലും തന്റെ പരാമര്‍ശം വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നതായി റാവത്ത് പറഞ്ഞു.
അതേസമയം കീറിയ ജീന്‍സിനെ സംബന്ധിച്ച തന്റെ അഭിപ്രായം തിരുത്താന്‍ അദ്ദേഹം തയാറായില്ല. ജീന്‍സ് ധരിക്കുന്നതിന് തനിക്കൊരു കുഴപ്പവുമില്ലെന്നും എന്നാല്‍ കീറിയ ജീന്‍സ് ധരിക്കുന്നതിനോട് താല്‍പര്യമില്ലെന്നും ആവര്‍ത്തിച്ചായിരുന്നു റാവത്തിന്റെ ഖേദ പ്രകടനം.
യുവ തലമുറക്കിടയില്‍ തരംഗമായ ഇത്തരം ജീന്‍സ് ധരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ചൊവ്വാഴ്‌ച ഡെറാഡൂണില്‍ ഒരു ചടങ്ങില്‍ സംബന്ധിക്കവെ ആയിരുന്നു റാവത്ത് വിവാദ പരാമര്‍ശം നടത്തിയത്. ഇന്നത്തെ യുവജനങ്ങള്‍ക്ക് മൂല്യങ്ങള്‍ നഷ്‌ടപ്പെട്ടെന്നും വിചിത്രമായ ഫാഷന്‍ ട്രെന്‍ഡുകളാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘സ്‌ത്രീകൾ നഗ്‌നമായ കാല്‍മുട്ടുകള്‍ കാണിക്കുന്നു, റിപ്പ്ഡ് ജീന്‍സ് ഇടുന്നു. ഇതൊക്കെയാണ് ഇപ്പോള്‍ വീട്ടില്‍ നിന്ന് നല്‍കുന്ന മൂല്യങ്ങള്‍. വീട്ടില്‍ നിന്ന് അല്ലെങ്കില്‍ പിന്നെ എവിടെ നിന്നാണ് ഇത് വരുന്നത്,”- എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്‌താവന.
”ഇത്തരം ജീന്‍സുകള്‍ വാങ്ങാനാണ് സ്‌ത്രീകള്‍ കടയില്‍പ്പോകുന്നത്. അങ്ങനെയുള്ളത് കിട്ടിയില്ലെങ്കില്‍ കത്രിക വച്ച് ജീന്‍സ് മുറിച്ച് ആ തരത്തിലാക്കും. വിമാനത്തില്‍ എന്റെ അടുത്ത സീറ്റിലിരുന്ന സ്‌ത്രീ ബൂട്ട്‌സും റിപ്പ്ഡ് ജീന്‍സുമായിരുന്നു ധരിച്ചിരുന്നത്. കയ്യില്‍ നിരവധി വളകളുമുണ്ടായിരുന്നു. രണ്ടു കുട്ടികളും ഇവര്‍ക്കൊപ്പം യാത്ര ചെയ്‌തിരുന്നു. അവരൊരു സന്നദ്ധ സംഘടന നടത്തുന്നുണ്ട്. സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നയാളാണ്. എന്ത് മൂല്യങ്ങളാണ് ഇവര്‍ പകര്‍ന്നുനല്‍കുന്നത്”; എന്നും റാവത്ത് ചോദിച്ചിരുന്നു.
ഇഷ്‌ടമുള്ള വസ്‌ത്രധാരണത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട് എന്നിരിക്കെ മുഖ്യമന്ത്രിയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. നിരവധിപേരാണ് മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. സമൂഹമാദ്ധ്യമങ്ങളില്‍ അടക്കം വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ അടക്കം മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൂടാതെ ട്വിറ്ററില്‍ റിപ്പ്ഡ് ജീന്‍സ് തരംഗവും ഉണ്ടായിരുന്നു.
അതേസമയം പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയരുമ്പോഴും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തിരത് സിങ് റാവത്ത്.
Read Also: കോവിഡ് രൂക്ഷം; മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ ലോക്ക്ഡൗൺ