ഭോപ്പാൽ: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തലസ്‌ഥാനമായ ഭോപ്പാൽ കൂടാതെ ഇൻഡോർ, ജബൽപുർ എന്നിവിടങ്ങളിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്‌ച രാത്രി പത്ത് മണി മുതൽ തിങ്കളാഴ്‌ച രാവിലെ ആറ് മണി വരെ മൂന്ന് നഗരങ്ങളും പൂർണമായും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
മാർച്ച് 31 വരെ സ്‌കൂളുകളും കോളേജുകളും ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി നൽകിയതായി സംസ്‌ഥാന സർക്കാർ അറിയിച്ചു. 1,140 പേർക്കാണ് വെള്ളിയാഴ്‌ച മധ്യപ്രദേശിൽ കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ സംസ്‌ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,73,097 ആയി. നിലവിൽ 6,600 സജീവ രോഗികളാണ് ഉള്ളത്. ഏഴ് പേർ കൂടി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ച് സംസ്‌ഥാനത്ത് മരിച്ചവരുടെ എണ്ണം 3,901 ആയി.
അയൽ സംസ്‌ഥാനമായ മഹാരാഷ്‌ട്രയിൽ കോവിഡ് കേസുകൾ വർധിക്കുന്നതും ലോക്ക്ഡൗൺ ഉൾപ്പടെയുള്ള പ്രതിരോധ നടപടികളിലേക്ക് നീങ്ങാൻ കാരണമായതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മഹാരാഷ്‌ട്രയിൽ വെള്ളിയാഴ്‌ച 25,000 ലധികം പേർക്കാണ് രോഗബാധ സ്‌ഥിരീകരിച്ചത്.
വീണ്ടും കോവിഡിന്റെ മൂർധന്യാവസ്‌ഥ രാജ്യത്ത് ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്‌ഥാന മുഖ്യമന്ത്രിമാരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ സംസ്‌ഥാനത്ത് ചില നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.
മാർച്ച് 20 മുതൽ മഹാരാഷ്‌ട്രയിൽ നിന്ന് മധ്യപ്രദേശിലേക്കും തിരിച്ചുമുള്ള എല്ലാ ബസ് സർവീസുകളും നിർത്തി വെക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പുതിയ നിയന്ത്രണങ്ങള അനുസരിച്ച് വ്യാപാര സ്‌ഥലങ്ങൾ രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ അടച്ചിടും. കൂടാതെ പ്രതിദിന വാക്‌സിൻ വിതരണം അഞ്ച് ലക്ഷമാക്കി വർധിപ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: ഗൂഗിളിന്റെ വാർത്താ ഉള്ളടക്കങ്ങൾക്ക് പ്രതിഫലം ഈടാക്കാൻ നിയമം കൊണ്ടുവരില്ല; കേന്ദ്രം