ന്യൂഡെൽഹി: ഗൂഗിൾ ഉപയോഗിക്കുന്ന വാർത്താ ഉള്ളടക്കങ്ങൾക്ക് പ്രതിഫലം ഈടാക്കാൻ നിയമം കൊണ്ടുവരണമെന്ന നിർദേശം കേന്ദ്രം തള്ളി. തൽകാലം അത്തരമൊരു നിയമനിർമാണം ആലോചനയിലില്ലെന്ന് വാർത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ഗൂഗിളിന് പുറമെ ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയും നിയമത്തിന്റെ പരിധിയിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വാർത്താ ഉള്ളടക്കങ്ങൾക്ക് ഗൂഗിളും മറ്റും പ്രതിഫലം നൽകണമെന്നും പരസ്യവരുമാനം അർഹമായ രീതിയിൽ പങ്കുവെക്കണമെന്നും ആയിരുന്നു പ്രധാന ആവശ്യം. പത്രങ്ങളുടെ കൂട്ടായ്‌മയായ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയും വാർത്താ ചാനലുകളുടെ ഐക്യവേദിയായ ന്യൂസ് ബ്രോഡ്‌കാസ്‌റ്റേഴ്‌സ് അസോസിയേഷനും ഈ ആവശ്യമുന്നയിച്ച് ഗൂഗിളിന് കത്തെഴുതിയിരുന്നു.
ബിജെപി നേതാവ് സുശിൽ മോദിയും കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. അടുത്തിടെ ഓസ്ട്രേലിയ ഗൂഗിളിൽ നിന്നും മറ്റും പ്രതിഫലം ഈടാക്കാൻ നിയമം പാസാക്കിയിരുന്നു. അതിന് സമാനമായ നിയമം കൊണ്ടുവരണമെന്ന ആവശ്യമാണ് ഇന്ത്യയിലും ഉയർന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിനുള്ള സാധ്യതകൾ ഇല്ലെന്നാണ് കേന്ദ്രം നൽകുന്ന സൂചന.
Read Also: യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ജെ ഓസ്‌റ്റിന്റെ ഇന്ത്യാ സന്ദർശനം തുടരുന്നു