മലപ്പുറം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് പൂട്ടിടാൻ പുതിയ നീക്കവുമായി പെരുമ്പടപ്പ് പോലീസ്. പോലീസ് ജീപ്പ് കണ്ടാൽ ഓടി രക്ഷപ്പെടാമല്ലോയെന്ന് കരുതിയവർക്ക് മുന്നിൽ പോലീസ് എത്തിയത് സ്വകാര്യ ബസിൽ. പുത്തൻപള്ളി എന്ന ബോർഡും തൂക്കി വന്ന സ്വകാര്യ ബസിലാണ് ലോക്ക്ഡൗൺ ലംഘിച്ചെത്തിയവരെ പിടികൂടാൻ പോലീസ് ഇറങ്ങിയത്.
ലോക്ക്ഡൗണിൽ ബസ് ഓടിത്തുടങ്ങിയോ എന്ന് ആശ്ചര്യപ്പെട്ട് നിൽക്കുന്നവരെ ഞെട്ടിച്ചാണ് ബസിൽ നിന്നും പെരുമ്പടപ്പ് പോലീസ് ഇറങ്ങിവന്നത്. സ്റ്റേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുനൂറോളം ആളുകളെയാണ് പോലീസ് പിടികൂടിയത്.
എസ്എച്ച്ഒ കേഴ്സൺ വി മാർക്കോസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അഞ്ച് പേർക്കെതിരെ കേസും 67 പേർക്ക് പിഴയും 83 പേർക്ക് ആദ്യവട്ട താക്കീതും നൽകിയതായി പോലീസ് അറിയിച്ചു. 21 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴും മലപ്പുറത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വരാത്തത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇന്നലെ 4,074 പേര്‍ക്കായിരുന്നു മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചത്.
Malabar News: കടലാക്രമണത്തെ തുടർന്ന് കരയിൽ അടിഞ്ഞു കൂടിയ മാലിന്യം അഴിയൂർ പഞ്ചായത്ത് നീക്കം ചെയ്തു