ന്യൂഡെൽഹി: അശ്ളീല വീഡിയോ കാണുന്ന ആളുകൾക്ക് പോലീസിന്റെ പേരിൽ വ്യാജ നോട്ടീസ് അയച്ച് തട്ടിപ്പ് നടത്തിയ സംഘം ഡെൽഹിയിൽ പിടിയിൽ. ചെന്നൈ സ്വദേശികളായ രാം കുമാര്‍, ഗബ്രിയേല്‍ ജയിംസ്, ട്രിച്ചി സ്വദേശിയായ ബി ദിനുശാന്ത് എന്നിവരാണ് പിടിയിലായത്.
അശ്ളീല വീഡിയോകൾ കാണാനായി ഇത്തരം സൈറ്റുകൾ തുറക്കുന്ന സമയത്തും കണ്ടുകൊണ്ടിരിക്കുന്ന സമയത്തും കാണിക്കുന്ന വിവിധ പരസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന, കാണുന്ന വ്യക്തിയുടെ ഐപി നമ്പർ, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് മേൽവിലാസവും സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളും കണ്ടെത്തുകയും ശേഷം ഇവർക്ക് നോട്ടീസ്, ഇമെയിൽ ആയോ, സാമൂഹിക മാദ്ധ്യമ അക്കൗണ്ടിലൂടെ സന്ദേശമായി അയക്കുകയോ ചെയ്യും. ഇത്തരത്തിൽ കഴിഞ്ഞ 4 മാസം കൊണ്ട് 30 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയതെന്ന് പോലീസ് പറയുന്നു.
അശ്ളീല വീഡിയോ കാണുന്ന ആളുകളുടെ കംപ്യൂട്ടറിലെ എല്ലാ ഫയലുകളും ബ്ളോക്ക് ചെയ്തെന്ന് അവകാശപ്പെടുന്ന തരത്തിലാണ് വ്യാജ പോലീസ് നോട്ടീസ് ഇരകളായ ആളുകൾക്ക് തട്ടിപ്പ് സംഘം അയച്ചിരുന്നത്. എന്നാൽ, അശ്ളീല വീഡിയോ അല്ലാത്ത ഇന്റർനെറ്റ് സെർച്ചുകൾക്കും ഇത്തരത്തിൽ നോട്ടീസ് അയച്ചതോടെയാണ് തട്ടിപ്പ് സംഘം പിടിയിലായത്.
വ്യാജ പോലീസ് നോട്ടീസ് ലഭിച്ചവരിൽ ചിലർ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ പരാതി ഉയർത്തിയതോടെയാണ് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് പ്രതികളെ കണ്ടെത്തിയത്. ചെന്നൈ, ട്രിച്ചി, കോയമ്പത്തൂര്‍, ഉദംഗമണ്ഡലം എന്നിവിടങ്ങളില്‍ നിന്നും സംഘം പ്രവര്‍ത്തിച്ചതായാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജൂണ്‍ മാസം വരെ ഗൂഗിള്‍ പേ അടക്കമുള്ള സംവിധാനമുപയോഗിച്ച് 30 ലക്ഷത്തിലധികം രൂപ തട്ടിപ്പ് സംഘം ഇത്തരത്തിൽ തട്ടിയെടുത്തു എന്ന് പോലീസ് പറയുമ്പോഴും ഇതിലും എത്രയോ ഇരട്ടിയായിരിക്കും തട്ടിപ്പ് വ്യാപ്തിയെന്ന് സൈബർ വിദഗ്ധർ വ്യക്തമാക്കുന്നു.
Read also : ക്ഷേത്ര സന്ദർശനത്തിന് മുഖ്യമന്ത്രി എത്തി; തിക്കും തിരക്കും; മധ്യപ്രദേശിൽ നിരവധി പേർക്ക് പരിക്ക്



































