തിരുവനന്തപുരം: പ്രൊഫഷണൽ മാജിക് ഷോ നിർത്തുന്നുവെന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാട്. പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകളിൽ നിന്നാണ് വിട്ടുനിൽക്കുന്നത്. ഭിന്നശേഷി കുട്ടികൾക്കായി മുഴുവൻ സമയം ചിലവഴിക്കാനാണ് തീരുമാനം. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുതുകാട് ഇക്കാര്യം വ്യക്‌തമാക്കിയത്.
മാജിക്കിലേക്ക് ഒരു തിരിച്ചുവരവുണ്ടാകുമോ എന്ന ചോദ്യത്തിന് മാജിക്കിലേക്കൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നും മരണംവരെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി ജീവിക്കാന്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷി കുട്ടികൾക്കായി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും ഇത് ജീവിതത്തിലെ പ്രധാന വഴിത്തിരിവാണെന്നും മജീഷ്യൻ ഗോപിനാഥ് മുതുകാട് അറിയിച്ചു.
നാല് പതിറ്റാണ്ടിലധികമായി മാജിക്ക് ഷോകളിൽ സജീവ സാന്നിധ്യമായിരുന്നു മജീഷ്യൻ മുതുകാട്. ലോകമാന്ത്രിക സംഘടനയായ ഇന്റർനാഷണൽ ബ്രദർഹുഡ് ഓഫ് മെജിഷ്യൻസിന്റെ വിശിഷ്‌ടാഗീകാരം ലഭിച്ചിരുന്നു. കൂടാതെ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, പ്രതിഭാ പ്രണാമം, ഗവൺമെന്റ് ഓഫ് കേരള തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
‘മാജിക് പ്ളാനെറ്റി’ന്റെ സ്‌ഥാപകൻ കൂടിയാണ് മുതുകാട്. കുട്ടികൾക്ക് വിനോദത്തോടൊപ്പം വിജ്‌ഞാനവും പകർന്നു നൽകാൻ തിരുവനന്തപുരത്ത് ആരംഭിച്ച കേന്ദ്രമാണ് മാജിക് പ്ളാനെറ്റ്.
Most Read: ലഖിംപൂര്‍ ഖേരി; അന്വേഷണ മേൽനോട്ട ചുമതല ജഡ്‌ജി രാകേഷ് ജെയ്‌നിന്



































