തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പെൺകുട്ടിക്ക് ക്രൂരപീഡനം. ബലമായി ബൈക്കിൽ കയറ്റിക്കൊണ്ടുപോയ പെൺകുട്ടിയെ ഗോഡൗണിലെത്തിച്ചു പീഡിപ്പിക്കുക ആയിരുന്നു. കഴക്കൂട്ടത്താണ് സംഭവം. പെൺകുട്ടിക്ക് ക്രൂരമായി മർദ്ദനമേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയായ കിരണിനെ(25) പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും സുഹൃത്തുക്കൾ ആണെന്നാണ് പോലീസ് പറയുന്നത്.
ശനിയാഴ്ച വൈകിട്ട് ടെക്നോപാർക്കിന് സമീപമുള്ള ഹോട്ടലിൽ മറ്റൊരു സുഹൃത്തുമായി യുവതി ആഹാരം കഴിക്കാൻ പോയതാണ് കിരണിനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇവിടെയെത്തിയ കിരൺ പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയും, കഴക്കൂട്ടത്തെ കൃഷി ഓഫീസിന്റെ സമീപത്തുള്ള ഗോഡൗണിൽ എത്തിച്ചു മർദ്ദിക്കുകയും പീഡിപ്പിക്കുകയും ആയിരുന്നു.
യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കിരൺ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന്, ഇന്ന് രാവിലെ കൈയിലെ കെട്ടഴിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ കിരൺ പിന്തുടർന്നിരുന്നു. എന്നാൽ, നാട്ടുകാർ ഓടിക്കൂടിയപ്പോഴാണ് കിരൺ മടങ്ങി പോയത്. ഗോഡൗണിൽ നിന്ന് രക്ഷപ്പെട്ട യുവതി സമീപത്തുള്ള വീട്ടിലെത്തി സഹായം അഭ്യർഥിക്കുകയായിരുന്നു. ഇവരാണ് പോലീസിൽ വിവരമറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി എസ്എടി ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read: കെ സുധാകരൻ കേസ് കൊടുത്താൽ നിയമപരമായി നേരിടും; എംവി ഗോവിന്ദൻ







































