തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾ കൂടി മരിച്ചു. ചികിൽസയിൽ ആയിരുന്ന ആൻ ഗ്രേസ് (16) ആണ് മരിച്ചത്. പട്ടിക്കാട് പാറാശേരി സജി-സെറീന ദമ്പതികളുടെ മകളാണ് ആൻ. തൃശൂർ സെന്റ് ക്ളയേഴ്‌സ് സ്‌കൂളിലെ പ്ളസ് വൺ വിദ്യാർഥിനിയാണ്. അപകടത്തിൽ ഇതോടെ മരണം രണ്ടായി.
അപകടത്തിൽപ്പെട്ട മറ്റൊരു പെൺകുട്ടി അലീന ഇന്ന് പുലർച്ചെ മരിച്ചിരുന്നു. കൂട്ടുകാരിയുടെ വീട്ടിൽ തിരുനാളാഘോഷിക്കാനെത്തിയ മൂന്ന് പേരുൾപ്പടെ നാല് പേരാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. നാട്ടുകാർ നാലുപേരെയും രക്ഷിച്ചു ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ 12.30ന് അലീന മരണത്തിന് കീഴടങ്ങി.
അപകടത്തിൽപ്പെട്ട പട്ടിക്കാട് പുളയിൻമാക്കൽ ജോണി-സാലി ദമ്പതികളുടെ മകൾ നിമ (12), മുരിങ്ങത്ത് പറമ്പിൽ ബിനോജ്- ജൂലൈ ദമ്പതികളുടെ മകൾ എറിൻ (16) എന്നിവർ ചികിൽസയിൽ തുടരുകയാണ്. പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഉച്ചയ്‌ക്ക് 2.30നാണ് അപകടമുണ്ടായത്. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഷോഷത്തിന് നിമയുടെ വീട്ടിലെത്തിയതായിരുന്നു മൂവരും.
അപകടത്തിൽപ്പെട്ട നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് ഇവർ. ഡാമിലെ ജലസംഭരണി കാണാൻ അഞ്ചുപേർ ചേർന്നാണ് പുറപ്പെട്ടത്. പാറപ്പുറത്ത് ഇരിക്കുന്നതിനിടെ രണ്ടുപേർ കാൽവഴുതി വെള്ളത്തിലേക്ക് വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും വീണു. വെള്ളത്തിൽ വീഴാതെ രക്ഷപ്പെട്ട ഹിമയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു






































