തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയ ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തു. ഇന്ന് പുലർച്ചെയാണ് വിവാദ കല്ലറ തുറന്നത്. ഇരിക്കുന്ന നിലയിലാണ് ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ഭസ്മവും സുഗന്ധദ്രവ്യങ്ങളുമുണ്ട്. തുടർനടപടികൾക്കായി മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയാണ്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. തിരുവനന്തപുരം സബ് കളക്ടർ ഒവി ആൽഫ്രെഡിന്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. കല്ലറ പൊളിച്ചപ്പോൾ മക്കൾ പറഞ്ഞത് ശരിവെക്കുന്ന തരത്തിലാണ് മൃതദേഹം ഇരിക്കുന്നത്.
മരണത്തിൽ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്ന് അറിയാനുള്ള ഫൊറൻസിക് പരിശോധനയാണ് പോലീസ് നടത്തുക. ഹൃദയഭാഗം വരെ കർപ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങൾ കൊണ്ട് മൂടിയിരിക്കുകയാണെന്നും മുഖത്തും ശിരസ്സിലും വിഗ്രഹത്തിൽ ചാർത്തുന്നതുപോലെ കളഭം ചാർത്തി, പിന്നീട് പിതാവ് വാങ്ങിവെച്ചിരുന്ന ശിലയെടുത്ത് സമാധി മണ്ഡപം മൂടി എന്നാണ് മക്കൾ പോലീസിന് മൊഴി നൽകിയത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം പുലർച്ചെ തന്നെ സ്ഥലത്ത് എത്തിയിരുന്നു. ജില്ലാ ഭരണകൂടമാണ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. കല്ലറയിലേക്കുള്ള വഴി രാവിലെ തന്നെ അടച്ചു. ഇവിടേക്ക് പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാകില്ല. ടാർപോളിൻ ഉപയോഗിച്ച് കല്ലറ മറച്ചതിന് ശേഷമാണ് മേൽമൂടി തുറന്നത്.
ഫൊറൻസിക് വിദഗ്ധർ ഉൾപ്പടെയുള്ളവർ സ്ഥലത്തുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ആർഡിഒയും ഡിവൈഎസ്പിയും മറ്റുമെത്തി കല്ലറ തുറക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഹിന്ദു ഐക്യവേദി ഉൾപ്പടെയുള്ള സംഘടനകളും കുടുംബവും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതോടെ സംഘർഷാവസ്ഥ ഒഴിവാക്കാനായി പോലീസ് മടങ്ങുകയായിരുന്നു.
അതിനിടെ, കല്ലറ പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹരജി ഇന്നലെ ഹൈക്കോടതി അംഗീകരിച്ചില്ല. തുടർന്നാണ് ഇന്ന് പുലർച്ചെ തന്നെ വൻ പോലീസ് സന്നാഹമെത്തി കല്ലറ തുറന്നത്. ഗോപൻ സ്വാമിയുടെ ശരീരത്തിൽ കൊലപാതകത്തിലേക് നയിക്കുന്ന എന്തെങ്കിലും മുറിവുകളോ മറ്റു പാടികളോ ഉണ്ടോയെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുക.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് നെയ്യാറ്റിൻകര ഗോപൻ സ്വാമി മരിച്ചത്. ഗോപൻ സ്വാമി സമാധിയായി എന്ന പോസ്റ്റർ മക്കൾ വീടിന് സമീപത്തെ മതിലുകളിൽ പതിപ്പിച്ചപ്പോഴാണ് സംഭവം നാട്ടുകാർ അറിയുന്നത്. എന്നാൽ, ഗോപൻ അതീവ ഗുരുതരാവസ്ഥയിൽ കിടപ്പിലായിരുന്നുവെന്നാണ് ബന്ധു പോലീസിന് നൽകിയ മൊഴി. ഗോപൻ സ്വാമിയുടേത് കൊലപാതകമാണെന്നാണ് നാട്ടുകാരുടെ ആരോപണം.
രാവിലെ 11 മണിയോടെ ഗോപൻ സ്വാമി നടന്നുപോയി സമാധി ആയെന്നായിരുന്നു മകൻ രാജസേനന്റെ മൊഴി. സമാധി ആകാൻ പോകുന്ന കാര്യം പിതാവ് മുൻകൂട്ടി പറഞ്ഞിരുന്നുവെന്നും സമാധിയാകുന്ന വ്യക്തിയെ അടക്കം ചെയ്യുന്നത് ആരും അറിയാൻ പാടില്ലെന്നും കുടുംബം പറയുന്നു.
ബന്ധുക്കളെയോ നാട്ടുകാരെയോ വാർഡ് അംഗത്തെയോ അറിയിക്കാതെ, മണ്ഡപം കെട്ടി ഗോപന്റെ ഭൗതികശരീരം പീഠത്തിലിരുത്തി സ്ളാബിട്ട് മൂടിയെന്നാണ് നാട്ടുകാർ പറയുന്നത്. പോസ്റ്റർ കണ്ട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി വിവരങ്ങൾ ശേഖരിച്ച് കളക്ടർക്ക് റിപ്പോർട് നൽകുകയായിരുന്നു.
Most Read| സക്കർബർഗിന്റെ വിവാദ പരാമർശം; ഇന്ത്യയോട് മാപ്പ് ചോദിച്ച് മെറ്റ






































